Advertisement

‘അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ല, യൂട്യൂബ് ചാനൽ തുടങ്ങിയത് അവനെ കണ്ടെത്താൻ’; കുടുംബത്തിന്റെ ആരോപണം തള്ളി മനാഫ്

October 2, 2024
Google News 1 minute Read

അർജുന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്ന കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ലോറിയുടമ മനാഫ്. തന്നെ ക്രൂശിക്കുന്നത് എന്തിനാണെന്ന് അറിയില്ല. താൻ ഫണ്ട് പിരിവ് നടത്തിയിട്ടില്ല.
അങ്ങനെ തെളിയിച്ചാൽ പരസ്യമായി കല്ലെറിഞ്ഞു കൊന്നോട്ടെ. അർജുന്റെ കണ്ടെത്തുന്നത് വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇനി അത് സജീവമാക്കും ഉള്ളടക്കം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും പുതിയ ലോറിക്ക് അർജുന്റെ പേര് ഇടുമെന്നും മനാഫ് പ്രതികരിച്ചു.

താൻ കുടുംബത്തിന് പണം നൽകിയിട്ടില്ല. ഉസ്താദിനൊപ്പം പോയപ്പോൾ കുട്ടികളുടെ കയ്യിൽ കാശ് കൊടുത്തിരുന്നു. സാധാരണ മുതിർന്നവർ കുട്ടികൾക്ക് നൽകില്ലേ, അത് പോലെ. കാര്യമായ തർക്കങ്ങൾ കുടുംബവുമായി ഉണ്ടായിട്ടില്ല. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്നും മനാഫ് കൂട്ടിച്ചേർത്തു.

ലോറിയുടമ മനാഫ് അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഫണ്ട് പിരിവിൻ്റെ ആവശ്യം കുടുംബത്തിന് ഇല്ല. ജീവിക്കാനുള്ള സാഹചര്യം ഞങ്ങൾക്ക് ഉണ്ട്. പൊള്ളയായ കാര്യങ്ങൾ ആണ് നടക്കുന്നത്. ഞങ്ങളെ കുത്തി നോവിക്കരുത്. പൈസ അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ. മനാഫും സംഘവും പൈസയുമായി വീട്ടിൽ വന്നിരുന്നു. 2000 രൂപയാണ് മനാഫ് തന്നത്. അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു. വൈകാരികത ചൂഷണം ചെയ്ത് മാർക്കറ്റ് ചെയ്യുന്നു. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഞങ്ങൾക്ക് പ്രതികരിക്കേണ്ടിവരും. അർജുന്റെ പേരിൽ മനാഫ് നടത്തുന്ന ഫണ്ട് പിരിവ് നിർത്തണമെന്ന് കുടുബം ആവശ്യപ്പെട്ടു.

മനാഫിന് അമ്മയുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ടെന്നത് പച്ചക്കള്ളമാണ്. അമ്മയെ ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുകയാണ്. ഈശ്വര്‍ മല്‍പേയും, മനാഫും ചേർന്ന് നാടകം കളിക്കുകയായിരുന്നു. മനാഫ് യൂട്യൂബ് ചാനൽ നടത്തി കാഴ്ചക്കാരുടെ എണ്ണം എടുക്കുകയായിരുന്നു. ട്രഡ്ജർ കൊണ്ടുവരില്ലെന്ന് പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തി. ലോറിയുടെ കൃത്യമായ സ്ഥാനം ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചിരുന്നു. പക്ഷെ മാധ്യമങ്ങളോട് ഈ കാര്യങ്ങൾ പറയുന്നതിൽ വിലക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത് പറയാതിരുന്നത്. കാർവാർ എസ്പി മനാഫിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഇത് മുഴുവൻ വഴിത്തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്ന് എസ് പിയും പറഞ്ഞിരുന്നുവെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.

അർജുന് 75,000 രൂപ സാലറി ഇല്ല. യൂട്യൂബ് ചാനലുകൾ സൈബർ ആക്രമണം നടത്തുന്നുവെന്നും കമൻ്റുകൾ ഏറെ വേദനിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു.സർക്കാർ അർജുൻ്റെ ഭാര്യക്കും, മകനും ജീവിക്കാനുള്ള അവസരം ഉണ്ടാക്കിയിട്ടുണ്ടെന്നും ജിതിൻ കൂട്ടിച്ചേർത്തു.

Story Highlights : Lorry owner Manaf denied Arjun’s family’s allegation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here