‘മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളിലെ ചോദ്യങ്ങൾ വെട്ടി നിരത്തി’; സ്പീക്കർക്ക് പരാതി നൽകി വി.ഡി സതീശൻ

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മറ്റിയ നിയമസഭ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കര്‍ക്ക് കത്തു നല്‍കി.
മുഖ്യമന്ത്രിയില്‍ നിന്നും നേരിട്ട് മറുപടി ലഭിക്കേണ്ട, എ.ഡി.ജി.പി – ആര്‍.എസ്.എസ് കൂടിക്കാഴ്ച, തൃശ്ശൂര്‍ പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിഷയങ്ങളില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നല്‍കിയ 49 നോട്ടീസുകളാണ് സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയത്.
നിയമസഭ നടപടി ചട്ടം 36, സ്പീക്കറുടെ ഒന്നാം നമ്പര്‍ നിര്‍ദേശം, ചോദ്യങ്ങള്‍ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുന്‍കാല റൂളിംഗുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി 49 ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങള്‍ ആക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷാംഗങ്ങളുടെ ചോദ്യ നോട്ടീസുകള്‍ ചട്ടം 38, 39 എന്നിവ പ്രകാരം പരിശോധിച്ച് പൊതുപ്രാധാന്യം പരിഗണിച്ചു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
Story Highlights : V D Satheesan complained to the speaker AN Shamseer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here