അനിൽ അംബാനിയുടെ വൻ തിരിച്ചുവരവ്: ഒരു ബില്യൺ ഡോളറിന്റെ പദ്ധതി ഭൂട്ടാനിൽ

ബിസിനസ് ലോകത്ത് ഒരുകാലത്ത് അധികായനായിരുന്ന അനിൽ അംബാനി പിന്നീട് സർവ്വം നഷ്ടപ്പെട്ട പരാജയപ്പെട്ട ബിസിനസുകാരന്റെ തലത്തിലേക്ക് മാറിപ്പോയെങ്കിലും, ഇപ്പോൾ ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഭൂട്ടാനിൽ ഒരു ബില്യൺ ഡോളർ മൂല്യം വരുന്ന പുനരുൽപാദന ഊർജ്ജ പദ്ധതിയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ പോകുന്നത്. 1.2 ഗിഗാവാട്ടിന്റെ സോളാർ – ഹൈഡ്രോ പവർ ഊർജ്ജ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, റിലയൻസ് പവർ ലിമിറ്റഡ് എന്നീ കമ്പനികൾ പ്രമോട്ടർമാരായി തുടങ്ങിയ പുതിയ കമ്പനി റിലയൻസ് എന്റർപ്രൈസസ് ആണ് ഭൂട്ടാനിലെ പദ്ധതിക്ക് പിന്നിൽ. ഡ്രക് ഹോൾഡിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന ഭൂട്ടാനിലെ കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇരു കമ്പനികളും ഇതിന്റെ ധാരണ പത്രം ഒപ്പുവച്ചു. റിലയൻസ് പവറിന്റെ കോർപ്പറേറ്റ് ഡെവലപ്മെന്റ് പ്രസിഡന്റ് ഹർമൻജിത്ത് സിംഗ് നേഗി, ഡ്രക് ഹോൾഡിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ സിഇഒ ഉജ്ജ്വൽ ദീപ് ദഹൽ എന്നിവർ തമ്മിലാണ് അനിൽ അംബാനിയുടെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടത്.
ഭൂട്ടാനിലെ ഗലേഫ് സിറ്റിയിൽ 500 മെഗാവാട്ടിന്റെ ഊർജ്ജ പദ്ധതി 250 മെഗാ വാട്ടുള്ള രണ്ട് ഫേസുകളിലായി യാഥാർത്ഥ്യമാക്കും. ചമ്ഖർച്ചു 1 ൽ 770 മെഗാവാട്ടിന്റെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയും ഈ കരാറിന്റെ ഭാഗമാണ്. സോളാർ പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സാങ്കേതിക പഠനം നടന്നുകൊണ്ടിരിക്കുകയാണ്. പദ്ധതി നടപ്പിലായാൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ സോളാർ വൈദ്യുത പദ്ധതിയായി ഇത് മാറും.
ഭൂട്ടാനിലെ പൊതുമേഖല കമ്പനികളുമായി ചേർന്ന് അടിസ്ഥാന സൗകര്യ വികസന രംഗത്തും റിലയൻസ് എന്റെർപ്രൈസസ് നിക്ഷേപം നടത്തും. റിലയൻസ് എന്റെർപ്രൈസസിന്റെ ഏറ്റവും വലിയ കരുത്ത് ഇന്ത്യയിൽ 5340 മേഗാവാട്ട് ഊർജ്ജ പദ്ധതികളുടെ ഉടമസ്ഥതയുള്ള റിലയൻസ് പവർ ലിമിറ്റഡ് ആണ്. വൈദ്യുത വിതരണ രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിച്ച കമ്പനിയാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.
Story Highlights : Anil Ambani powers a comeback with i billion dollar worth projects in Bhutan.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here