‘പൊതുവായി സംസാരിക്കുന്നതിനിടെ പേര് പറഞ്ഞു’; സാമന്ത-നാഗ ചൈതന്യ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് മന്ത്രി കൊണ്ട സുരേഖ

സൂപ്പർ താരങ്ങളായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരായതിന് പിന്നിൽ തെലങ്കാന മുൻ മന്ത്രി കെ ടി രാമറാവുവു ആണെന്ന മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണിപ്പോൾ. കെ ടി രാമറാവു ഇരുവരുടെയും ഫോൺ ചോർത്തി അവരെ ചൂഷണം ചെയ്യാറുണ്ടെന്ന് ഉൾപ്പടെയായിരുന്നു മന്ത്രി കൊണ്ട സുരേഖ പറഞ്ഞത്. സംഭവം വിവാദമായതോടെ പ്രസ്താവനയിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു. പൊതുവായി സംസാരിക്കുന്നതിനിടയിൽ ഇരുവരുടെയും പേര് പറഞ്ഞതാണെന്നും താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഖേദിക്കുന്നുവെന്നുമാണ് മന്ത്രിയുടെ ഒടുവിലത്തെ പ്രതികരണം.
മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും മുൻ മന്ത്രിയുമായ കെ ടി രാമറാവുവിനെതിരെയുള്ള വിമർശനങ്ങൾക്കിടയിലാണ് മന്ത്രി കൊണ്ട സുരേഖ സാമന്ത – അക്കിനേനി നാഗചൈതന്യ വിവാഹമോചനത്തെ പറ്റി പരാമർശിച്ചത്. നാഗചൈതന്യയും സാമന്തയും വേർപിരിയാൻ കാരണം കെ ടി രാമറാവുവാണെന്നും ഇദ്ദേഹം ഇരുവരുടെയും ഫോൺ ചോർത്തി അവരെ ചൂഷണം ചെയ്യാറുണ്ടെന്നും പല നടികളെയും ലഹരിക്ക് അടിമകളാക്കി, പലരും സിനിമ വിട്ട് നേരത്തെ വിവാഹിതരാകുന്നതിന് പിന്നിലും രാമറാവു ആണെന്നായിരുന്നു മന്ത്രിയുടെ വാദം.
എന്നാൽ മന്ത്രിയുടെ വാക്കുകൾ വിവാദമായതിന് പിന്നാലെ സാമന്തയും നാഗചൈതന്യയും ആരോപണം തള്ളി രംഗത്തെത്തിയിരുന്നു. മാധ്യമശ്രദ്ധ കിട്ടാൻ ആരുടെയും വ്യക്തിജീവിതം വച്ച് കളിക്കരുതെന്നായിരുന്നു നാഗചൈതന്യയുടെ പ്രതികരണം.
നാഗചൈതന്യയുടെ വാക്കുകള്‍:
വിവാഹമോചനം എന്ന തീരുമാനം ഒട്ടും എളുപ്പമായ ഒന്നല്ല, വളരെ അധികം വേദന നിറഞ്ഞ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഞാനും എന്റെ മുന്‍ ഭാര്യയും ചേര്‍ന്നെടുത്ത തീരുമാനമാണ് വിവാഹമോചനം. ഞങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും അതായിരുന്നു ശരി എന്ന തീരുമാത്തില്‍ രണ്ട് പ്രായപൂര്‍ത്തിയായ ആളുകള്‍ എടുത്ത തീരുമാനം. എന്നിരുന്നാലും അതിന്റെ പേരില്‍ ഒരുപാട് കിംവദന്തികളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുന്‍ ഭാര്യയുടെയും എന്റെ കുടുംബത്തെയും ബഹുമാനിക്കുന്നത് കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്.

എന്നാൽ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ നിന്ന് തന്റെ പേര് മാറ്റിനിര്‍ത്തണമെന്ന് സാമന്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘ഒരു സ്ത്രീയാകാന്‍, പുറത്തിറങ്ങി ജോലിചെയ്യാന്‍, സ്ത്രീകളെ പരിഗണിക്കാത്ത ഒരു ഗ്ലാമറസ് വ്യവസായത്തില്‍ അതിജീവിക്കാന്‍, പ്രണയത്തിലാകാനും പ്രണയത്തില്‍ നിന്ന് പിന്തിരിയാനും, ഇപ്പോഴും എഴുന്നേറ്റ് നിന്ന് പോരാടാനും…. എല്ലാം ഒരുപാട് ധൈര്യവും ശക്തിയും ആവശ്യമാണ്. ഈ യാത്ര എന്നെ അങ്ങനെയാക്കി മാറ്റിയതില്‍ ഞാന്‍ അഭിമാനിക്കുന്നു, ദയവായി അതിനെ നിസാരവല്‍ക്കരിക്കരുത്, വിവാഹബന്ധം വേർപെടുത്തിയതിൽ രാഷ്ട്രീയം കലർത്തരുതെന്ന്’ സാമന്ത കുറിച്ചു.

സിനിമാ മേഖലയിലെ പല പ്രമുഖരും മന്ത്രിയുടെ വാദം തള്ളിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കെ ടി രാമറാവു മന്ത്രിക്ക് വക്കീൽ നോട്ടീസ് അയച്ചു. 2018ൽ വിവാഹിതരായ സാമന്തയും നാഗാർജുനയും 2021 ലാണ് വിവാഹബന്ധം വേർപ്പെടുത്തിയത്.
Story Highlights : ‘named while speaking in public’; Congress Minister Konda Surekha apologizes for Samantha-Naga Chaitanya remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here