‘പാർട്ടിക്കൊപ്പം; അത്ര പെട്ടെന്ന് മുറിച്ചുമാറ്റാൻ കഴിയില്ല’; നിലമ്പൂർ ആയിഷ

മരിക്കും വരെ സിപിഐഎമ്മിനൊപ്പമെന്ന് നാടക–സിനിമാ അഭിനേത്രി നിലമ്പൂർ ആയിഷ. സർക്കാരിനെ പ്രതിരോധത്തിലാക്കി പിവി അൻവർ ആരോപണങ്ങൾ തുടരവേ നിലമ്പൂർ ആയിഷ അൻവറിനെ സന്ദർശിച്ചിരുന്നു. എന്നാൽ കൂടെയുള്ള സുഹൃത്ത് പറഞ്ഞത് പ്രകാരമാണ് അൻവറിന്റെ വീട്ടിലേക്ക് കയറിയത്. ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഓർമ്മയിൽ ഇല്ലായിരുന്നുവെന്ന് നിലമ്പൂർ ആയിഷ പറയുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു നിലമ്പൂർ ആയിഷ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കൊപ്പം എന്ന തലക്കെട്ടോടെയാണ് ആയിഷയുടെ കുറിപ്പ്. പാർട്ടിയുമായുള്ള ബന്ധം അത്ര പെട്ടെന്ന് മുറിച്ചുമാറ്റാൻ കഴിയില്ലെന്നും ആയിഷ ഫേസ്ബുക്കിൽ കുറിച്ചു. അൻവറിനോട് സ്നേഹം ഉണ്ട് എന്നാൽ അതിലേറെ പാർട്ടിയോടുണ്ടെന്ന് ആയിഷ കുറിച്ചു.
നിലമ്പൂർ ആയിഷയുടെ പോസ്റ്റ്
മുഖ്യമന്ത്രിക്കൊപ്പം
ഇന്ന് അൻവറിൻ്റെ വീടിൻ്റെ മുന്നിൽ കൂടി പോയപ്പോൾ കൂടെയുള്ള സുഹൃത്താണ് പറഞ്ഞത് അവിടെ ഒന്ന് കയറാം ഉമ്മയെ ഒന്ന് കാണാം എന്ന്. അങ്ങനെ കയറിയതാണ്. സത്യത്തിൽ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഓർമ്മയിൽ ഇല്ലായിരുന്നു. വയസ്സ് 89 ആണേയ്, അവിടുന്ന് എന്തൊക്കെയോ സംസാരിച്ചു. MLA യോട് സ്നേഹമുണ്ട്. പാർട്ടിയോട് അതിലേറെയും. വീട്ടിലെത്തി പേരമക്കൾ പറഞ്ഞു തന്നപ്പോഴാണ് അറിഞ്ഞത് ഞാൻ മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരാണ് എന്ന രീതിയിൽ വാർത്ത വരുന്നുണ്ട് എന്ന്. അത് ശരിയല്ല. അങ്ങനെ ഒരു അവസരം ഉണ്ടായതിൽ ഖേദിക്കുന്നു. നിലമ്പൂർ ആയിഷ മരിക്കുവോളം ഈ പാർട്ടിയിൽ തന്നെ ആയിരിക്കും. പട്ടിണി കിടന്നു നാടകം കളിച്ചു വളർത്തിയ പ്രസ്ഥാനമാണ് അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാൻ കഴിയില്ല. ലാൽ സലാം.
Story Highlights : Nilambur Ayisha says she is with CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here