ആലപ്പുഴ സിപിഐയിലെ വിഭാഗീയത; മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ജില്ലാ നേതൃത്വം

സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനത്തിനിടെ ഉണ്ടായ തര്‍ക്കങ്ങളില്‍ നടപടിക്കൊരുങ്ങി പാര്‍ട്ടി ജില്ലാ നേതൃത്വം. സമ്മേളനം പിരിച്ചുവിടാന്‍ ഇടയായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ആലപ്പുഴ മണ്ഡലത്തിന്റെ ചുമതല അഡ്‌ഹോക് കമ്മറ്റി നിര്‍വഹിക്കും.
കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം തര്‍ക്കത്തില്‍ കലാശിച്ചതിലാണ് അന്വേഷണം. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. മേല്‍ കമ്മിറ്റി പ്രതിനിധിയായിരുന്ന മന്ത്രി പി പ്രസാദിനോടുള്ള പ്രതിനിധികളുടെ അതിരുവിട്ട ആക്രോശമടക്കം സമ്മേളന വേദിയില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഗുരുതര അച്ചടക്കലംഘനമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.
പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മണ്ഡലം ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക് വിട്ടു. സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ജില്ലയിലെ മുതിര്‍ന്ന നേതാവ് പി വി സത്യനേശന്‍ കണ്‍വീനറായ കമ്മറ്റിയില്‍ 10 ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരും ഉള്‍പ്പെടും. ഇന്ന് ചേര്‍ന്ന ജില്ലാ എസ്‌ക്യൂട്ടീവിന്റേതാണ് തീരുമാനം. ഭാരവാഹിത്വങ്ങളിലേക്ക് യുവാക്കളെ പരിഗണിക്കുന്നില്ല എന്നായിരുന്നു സമ്മേളനത്തിലെ പ്രധാന വിമര്‍ശനം. പ്രതിനിധികളുടെ തീരുമാനം മറികടന്ന് 74കാരനെ സെക്രട്ടറിയാക്കാനുള്ള നീക്കം അംഗങ്ങള്‍ തടഞ്ഞതും തര്‍ക്കം രൂക്ഷമാകാന്‍ കാരണമായിരുന്നു. സെപ്റ്റംബറില്‍ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടക്കാനിരിക്കെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം.
Story Highlights : Fraction in Alappuzha CPI; District leadership appoints three-member investigation commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here