Advertisement

വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക

October 3, 2024
Google News 2 minutes Read

വീസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. സന്ദര്‍ശക വീസയില്‍ വിദേശരാജ്യത്ത് എത്തുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ അവസരമൊരുക്കുമെന്ന നിലയില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണം.

സന്ദര്‍ശക വീസയെന്നത് രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. സന്ദര്‍ശക വീസയില്‍ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വാഗ്ദാനം ചെയ്താല്‍ അതു തെറ്റാണ്. ഒരു രാജ്യവും സന്ദര്‍ശക വീസയില്‍ ജോലി അനുവദിക്കില്ല. ഇങ്ങനെയുള്ള വാഗ്ദാനം വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാല്‍ അതു നിയമപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വരാം. ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. പലപ്പോഴും ഏജന്‍സി വാഗ്ദാനം ചെയ്ത ജോലി ആവില്ല അവിടെ ചെല്ലുമ്പോള്‍ ലഭിക്കുന്നതും. കൃത്യമായ ശമ്പളമോ, ആഹാരമോ, താമസ സൗകര്യമോ, തൊഴില്‍ നിയമങ്ങളുടെ പരിരക്ഷയോ ലഭിക്കില്ല. ഇത്തരത്തില്‍ പോയ പലരും തിരിച്ചു വരുന്നില്ല. അവരുടെ സ്ഥിതി എന്താണെന്നു പോലും അറിയാന്‍ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ഇങ്ങനെയുള്ളവരെ പിന്നീട് ബന്ധപ്പെടാന്‍ കഴിയാറില്ലെന്നതും ആശങ്കപ്പെടുത്തുന്നതാണ്.

ഇന്ത്യയില്‍നിന്നും സന്ദര്‍ശക വീസയില്‍ ഏജന്‍സികളുടെ തെറ്റായ വാഗ്ദാനങ്ങള്‍ വിശ്വസിച്ചു മലേഷ്യ, കംബോഡിയ, തായ്‌ലന്‍ഡ്, മ്യാന്‍മാര്‍, ലാവോസ്, വിയറ്റ്‌നാം തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോയ നിരവധി പേര്‍ തട്ടിപ്പിനിരയായതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യ ത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസന്‍സ് ഉള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മുഖേന മാത്രമേ ജോലിക്കായി രാജ്യത്തിനു പുറത്തേക്കു പോകുന്നുള്ളെന്ന് തൊഴില്‍ അന്വേഷകര്‍ ഉറപ്പുവരുത്തണം. തൊഴില്‍ വീസയുടെ ആധികാരികത, തൊഴില്‍ നല്‍കുന്ന കമ്പനിയുടെ വിവരങ്ങള്‍, റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ പ്രവര്‍ത്തന മികവ്, മുന്‍പ് തൊഴില്‍ ലഭിച്ചവരുടെ അഭിപ്രായം എന്നിവ തൊഴില്‍ അന്വേഷകര്‍ കൃത്യമായി മനസിലാക്കണം. റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതാണോയെന്ന് ഇ- മൈഗ്രേറ്റ് പോര്‍ട്ടല്‍ മുഖേന തൊഴില്‍ അന്വേഷകര്‍ക്ക് എളുപ്പത്തില്‍ പരിശോധിക്കാവുന്നതാണെന്നും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

Story Highlights : People should be vigilant against visa scams; Norka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here