Advertisement

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്താനിലേക്ക്, ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കും

October 4, 2024
Google News 2 minutes Read
S-JAYASANKAR

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്താന്‍ സന്ദര്‍ശിക്കും. ഷാങ്ഹായ് ഉച്ചകോടിയില്‍ (എസ് സി ഒ ) പങ്കെടുക്കുന്നതിനായാണ് ജയശങ്കര്‍ ഇസ്ലാമബാദില്‍ എത്തുന്നത്. ഒക്ടോബര്‍ 15, 16 തീയതികളിലായാണ് ഉച്ചകോടി നടക്കുന്നത്. വിദേശകാര്യ വക്താവ് റണ്‍ദീര്‍ ജയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

9 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഔദ്യോഗികമായി പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. സുഷമ സ്വരാജാണ് പാകിസ്താന്‍ അവസാനമായി സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി. 2015 ഡിസംബറില്‍ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സുഷമ സ്വരാജ് പാകിസ്താനിലേക്ക് പോയത്.

ഐക്യരാഷ്ട്ര സഭയുടെ 79ാമത് ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ പാകിസ്താനെതിരെ ജയശങ്കര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. ലോകത്ത് പല രാജ്യങ്ങളും അവരുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ കാരണം പിന്നിലേക്ക് പോകുന്നു, എന്നാല്‍ ചിലര്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിഞ്ഞും ചില നയങ്ങള്‍ തെരഞ്ഞെടുക്കുന്നു. ഇതിനുള്ള പ്രധാനമാണ് ഞങ്ങളുടെ അയല്‍ രാജ്യമായ പാകിസ്താന്‍ – എന്നാണ് ജയശങ്കര്‍ കുറ്റപ്പെടുത്തിയത്. പാകിസ്താന്റെ ദുഷ്പ്രവൃത്തികള്‍ മറ്റുള്ളവരെയും ബാധിക്കുന്നുവെന്നും ജയശങ്കര്‍ അന്ന് പറഞ്ഞു.

അതേസമയം, പശ്ചിമേഷ്യയിലെ സാഹചര്യത്തില്‍ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ ഒഴിപ്പിക്കല്‍ നടപടിയിലേക്ക് കടന്നിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇറാന്‍ ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ തുടരുന്നുണ്ട്. നാട്ടിലേക്ക് മടങ്ങി വരേണ്ടവര്‍ക്ക് വിമാന സര്‍വീസുകള്‍ ഉപയോഗിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Story Highlights : Jaishankar to lead Indian delegation to Pakistan for SCO Summit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here