ADGPക്കെതിരായ നടപടി മുഖം രക്ഷിക്കൽ; നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം

എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ വിമർശനം തുടർന്ന് പ്രതിപക്ഷം. അജിത് കുമാറിനെതിരായ നടപടി മുഖം രക്ഷിക്കാൻ മാത്രമെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ. സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാവാത്തത് നിയമസഭയിൽ ഉയർത്തും. നിയമസഭ ആരംഭിക്കുന്നതിന് മുൻപുള്ള മുഖം രക്ഷിക്കലെന്ന് വിലയിരുത്തലിലാണ് പ്രതിപക്ഷം.
ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തീരുമാനം നിവൃത്തികേടുകൊണ്ട് ചെറിയ നടപടി സ്വീകരിച്ചു എന്ന് മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി ചെയ്ത കാര്യങ്ങളാണ് അജിത് കുമാറിന്റെ മുകളിൽ ആരോപിക്കപ്പെട്ടത്. തൽക്കാലം ആളുകളെ കബളിപ്പിക്കാൻ അജിത് കുമാറിനെ രക്തസാക്ഷിയാക്കിയെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. നാളെ സഭ കൂടുന്നത് കൊണ്ട് ഉണ്ടായ തീരുമാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: ‘ADGPക്കെതിരെ ശരിയായ നടപടി സ്വീകരിച്ചു; എൽഡിഎഫിന്റെ ഘടക കക്ഷികളുടെ വിജയം’; ബിനോയ് വിശ്വം
എം ആർ അജിത് കുമാറിനെതിരായ നടപടിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് വി.മുരളീധരൻ രംഗത്തെത്തി. നാലു വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കസേര മാറ്റിയിരുത്തി പിണറായി വിജയൻ മാതൃകയായെന്ന് പരിഹാസം. ഭരണപരമായ അഡ്ജസ്റ്റ്മെൻറ് മാത്രമാണ് നടപടി എന്നും വി. മുരളിധരൻ വിമർശിച്ചു.
എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിലാണ് സർക്കാർ നടപടിയിലേക്ക് കടന്നത്. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
Story Highlights : Opposition against Kerala government on action against ADGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here