Advertisement

തീരാത്ത വിവാദം; പ്രതിപക്ഷം തൃപ്തരല്ല; പിആർ വിവാദവും മലപ്പുറം പരാമർശവും നിയമസഭയിൽ‌ ഉന്നയിക്കും

October 7, 2024
2 minutes Read

നിയമസഭയിൽ മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദവും മലപ്പുറം പരാമർശവും ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി സണ്ണി ജോസഫ് MLA വിഷയം ഉന്നയിക്കും. ADGP എംആർ അജിത് കുമാറിനെതിരെ സർക്കാർ സ്വീകരിച്ച നടപടിയിലും പ്രതിപക്ഷം തൃപ്തരല്ല. ഇന്നുമുതൽ വീണ്ടും ചേരുന്ന നിയമസഭയിൽ വിവാദങ്ങളിൽ മറുപടി പറയാൻ സർക്കാർ വിയർക്കും.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്നുമുതൽ ചൂടേറും. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് വെള്ളിയാഴ്ച്ച പിരിഞ്ഞ നിയമസഭക്ക് ചർച്ചചെയ്യാൻ ഇന്നുമുതൽ രാഷ്ട്രീയ വിഷയങ്ങൾ ഏറെ. അടിയന്തര പ്രമേയത്തിന് പോലും പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം ഇല്ല. വിഷയാധിക്യമാണ് പ്രതിപക്ഷം നേരിടുന്ന ഇപ്പോഴത്തെ പ്രശ്നം. ആദ്യദിനം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും പിആർ ഏജൻസി വിവാദവും സഭയിൽ അടിയന്തര പ്രമേയമാകും.

മലപ്പുറം ജില്ലയെ സംബന്ധിച്ച് ദ ഹിന്ദു ദിനപത്രത്തിൽ വന്ന പരാമർശം മുഖ്യമന്ത്രി നടത്തിയിട്ടില്ല എന്നതാണ് ഇപ്പോഴത്തെ ന്യായം. മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ, ഉണ്ടെങ്കിൽ പരാമർശത്തിൽ പിആർ ഏജൻസിക്കെതിരെ കേസെടുക്കുമോ, ഇല്ലെങ്കിൽ തെറ്റിദ്ധാരണ പടർത്തിയതിന് ഹിന്ദു പത്രത്തിനെതിരെ കേസ് എടുക്കുമോ എന്നീ ചോദ്യങ്ങൾ പ്രതിപക്ഷം ഉയർത്തും. വാർത്താസമ്മേളനത്തിൽ പോലും കൃത്യമായി മറുപടി പറയാത്ത മുഖ്യമന്ത്രി നിയമസഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് രാഷ്ട്രീയ ആകാംക്ഷ.

Read Also: ഉത്തരവിലും സംരക്ഷണം; എഡിജിപിയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി; നടപടിയുടെ ഭാ​ഗമെന്ന് പരാമർശം ഇല്ല

നിയമസഭ സമ്മേളിക്കുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രം എംആർ അജിത് കുമാറിനെ മാറ്റിയ നടപടിയും സഭയിൽ പ്രതിപക്ഷം ചോദ്യം ചെയ്യും. കടുത്ത നടപടി ഇല്ലാത്തത് അജിത് കുമാറിന് ഒരുക്കിയ സംരക്ഷണം എന്നാണ് പ്രതിപക്ഷ വാദം. നിയമസഭയിലെ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴി എന്നതാണ് യുഡിഎഫ് വിലയിരുത്തൽ. തൃശൂർ പൂരം കലക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളും സഭയിൽ ഉന്നയിക്കും.

നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് നക്ഷത്ര ചിഹ്നം ഒഴിവാക്കിയ സംഭവത്തിൽ പ്രതിപക്ഷത്തിന്റെ പരാതിയിൽ സ്പീക്കർ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇക്കാര്യം ക്രമപ്രശ്നമായി ഉയർത്തി വിഷയം നിയമസഭയിൽ ചർച്ചയ്ക്ക് കൊണ്ടുവരാനും പ്രതിപക്ഷം ലക്ഷ്യമിടുന്നുണ്ട്. വരും ദിവസങ്ങളിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളും സഭയിൽ ചർച്ചയ്ക്ക് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഈ മാസം 15 വരെയാണ് സഭാ സമ്മേളനം.

Story Highlights : PR controversy and Malappuram reference will be raised in Assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top