‘നയാ കശ്മീര്‍’ വാഗ്ദാനം ചെയ്ത ബിജെപിയെ ജനം കൈവിട്ടതെന്തുകൊണ്ട് ?

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റം നേടിയപ്പോഴും കശ്മീര്‍ താഴ്വരയില്‍ ഇന്ത്യ സഖ്യത്തിന് മുന്നില്‍ ബിജെപിക്ക് അറിയറവ് പറയേണ്ടി വന്നു. കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ നേൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 370ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി നേടിയ വിജയം ബിജെപിയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിക്കുന്നതാണ്. 90 അംഗ നിയമസഭയില്‍ 46 സീറ്റുകളില്‍ ലീഡ് ചെയ്യന്നത് കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യമാണ്. ബിജെപി 29 സീറ്റുകള്‍ നേടിയപ്പോള്‍, പിഡിപി വെറും നാല് സീറ്റിലേക്ക് ഒതുങ്ങി. കശ്മീരില്‍ താമര വിരിയുന്നത് തടഞ്ഞ പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആര്‍ട്ടിക്കിള്‍ 370
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടു. ജമ്മു കശ്മീരിന് സവിശേഷാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 2019 ആഗസ്റ്റില്‍ റദ്ദാക്കിയതിനു ശേഷം ഏതാനും മാസങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലായതിനു ശേഷം ‘ നയ കശ്മീര്‍’ എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വികസനം, തൊഴില്‍, സുരക്ഷ എന്നിവയെല്ലാം ഇതിലൂടെ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പ്രത്യേകാധികാരം എടുത്തുകളഞ്ഞപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ നഷ്ടബോധത്തെ അഭിസംബോധന ചെയ്യാന്‍ ബിജെപി മറന്നു പോയി. അതേസമയം, നാഷണല്‍ കോണ്‍റന്‍സും കോണ്‍ഗ്രസുമുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ബിജെപിയുടെ നീക്കത്തെ കശ്മീര്‍ വിരുദ്ധമെന്ന് വ്യക്തമാക്കുന്നതില്‍ വിജയിച്ചു.
Read Also: ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും
ഭയം ആയുധമാക്കിയോ?
ബിജെപിയുടെ ‘നയ കശ്മീര്‍’ പ്രഖ്യാപനത്തിലൂന്നിയ സുരക്ഷാ തന്ത്രങ്ങള്‍ പൊതു അതൃപ്തിക്ക് കാരണമായി. തീവ്രവാദം, വിഘടനവാദം, കല്ലേറ് എന്നിവയ്‌ക്കെല്ലാമെതിരായ നടപടികള്‍ സ്വാഗതം ചെയ്യപ്പെടുമ്പോഴും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് മിക്ക കശ്മീര്‍ നിവാസികള്‍ക്കും തോന്നി. ഭിന്നാഭിപ്രായം നിയന്ത്രിക്കാന്‍ ഭയം ഉപയോഗിക്കുന്നുവെന്ന വ്യാപകമായ ധാരണ താഴ്വരയില്‍ താമര വിരിയുന്നതിന് തടസമായി.
വാഗ്ദാനവും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം
കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായപ്പോള്‍, വികസന പദ്ധതികളുടെ തരംഗം തന്നെയാണ് ബിജെപി വാഗ്ദാനം ചെയ്തത്. മേഖലയിലെ വലിയ ശതമാനം വരുന്ന അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരെ ലക്ഷ്യമിട്ടുകൊണ്ട്, വമ്പന്‍ നിക്ഷേപങ്ങളിലൂടെ തൊഴില്‍ സൃഷ്ടിക്കും എന്ന വലിയ ഉറപ്പ് ബിജെപി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമായില്ല. സര്‍ക്കാര്‍ തങ്ങളെ ചതിച്ചുവെന്ന ചിന്ത യുവാക്കള്‍ക്കിടയില്‍ത്തന്നെ ശക്തമായി.
സഖ്യകക്ഷികള്‍ തുണച്ചില്ല
നാഷണല്‍ കോണ്‍ഗ്രസിന്റെയും പിഡിപിയുടെയും പരമ്പരാഗതമായ മേധാവിത്വം അവസാനിപ്പിക്കാന്‍ പുതിയ സഖ്യങ്ങള്‍ തേടുക ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തില്‍ പ്രധാനമായിരുന്നു. അപ്‌നി പാര്‍ട്ടി, പീപ്പിള്‍ കോണ്‍ഫറന്‍സ് പോലുള്ള പാര്‍ട്ടികളുമായി ഇതിന്റെ ഭാഗമായി കൈകോര്‍ത്തു. വര്‍ഷങ്ങളായി ബിജെപി വെള്ളവും വളവും പകര്‍ന്ന ഈ കൂട്ടുകെട്ടുകള്‍ എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ല. കോണ്‍ഗ്രസോ നാഷണല്‍ കോണ്‍ഫറന്‍സോ പോലുള്ള പാര്‍ട്ടികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഈ പാര്‍ട്ടികള്‍ക്കായില്ല.
Story Highlights : What went wrong for BJP’s ‘Naya Kashmir’ dreams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here