സ്‌കിപ്പ് ആഡ് ഓപ്ഷന്‍ ഒളിപ്പിച്ചുവച്ചതല്ലെന്ന് യൂട്യൂബ്; പരസ്യങ്ങളെ അത്രവേഗം ഒഴിവാക്കി വിടാന്‍ പറ്റാത്തതിന്റെ കാരണം ഇതാണ്

ഏതെങ്കിലും യൂട്യൂബ് വിഡിയോ കാണാനെടുത്താല്‍ ഒന്നല്ല, രണ്ട് പരസ്യങ്ങള്‍ കാണേണ്ടിവരുമ്പോള്‍ തന്നെ പലര്‍ക്കും അസ്വസ്ഥത തോന്നും. ടൈമര്‍ വന്ന് സ്‌കിപ് ആഡെന്ന് കണ്ടയുടന്‍ പരസ്യത്തെ ആട്ടിപ്പായിക്കാന്‍ കൈതരിക്കും. അനുനിമിഷം ആഹ്ലാദിച്ച് രസിപ്പിക്കുന്ന ഷോര്‍ട്ട് വിഡിയോകളുടെ കുത്തൊഴുക്കിന്റെ കാലത്ത് പരസ്യം കണ്ടുകൊണ്ടിരിക്കാന്‍ ആര്‍ക്കും തന്നെ ക്ഷമയില്ല. ഈ സമയത്ത് സ്‌കിപ്പ് ആഡിനുള്ള ആ ബട്ടണ്‍ കൂടി കാണാതിരുന്നാല്‍ മൊത്തത്തില്‍ നമ്മുടെ ക്ഷമ നശിക്കും. ഒരു രണ്ട് മിനിറ്റ് വിഡിയോയ്ക്ക് ഈ പരസ്യം മുഴുവന്‍ കാണണോ എന്ന് ചിന്തിക്കും. ആഡ് സ്‌കിപ്പ് ചെയ്യാന്‍ കൈതരിച്ചിരിക്കുമ്പോള്‍ ആ ബട്ടണ്‍ മാത്രം യൂട്യൂബ് മറച്ചുവച്ചിരിക്കുകയാണെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുയാണ് ചില ഉപയോക്താക്കള്‍. പേടിക്കേണ്ട, സ്‌കിപ്പ് ബട്ടണ്‍ ഒരിടത്തും പോയിട്ടില്ലെന്ന വിശദീകരണവുമായി ഒടുവില്‍ യൂട്യൂബിന് തന്നെ മുന്നോട്ടുവരേണ്ടിവന്നു. (YouTube Refutes Allegations Of Hiding Skip Button)
ആഡ് സ്‌കിപ്പ് ചെയ്യാന്‍ എത്ര സെക്കന്റുകള്‍ അവശേഷിക്കുന്നുണ്ടെന്ന കൗണ്ട് ഡൗണ്‍ കാണുന്നില്ലെന്നാണ് ചില ഉപയോക്താക്കളുടെ പരാതി. അത് കണ്ടാലും സ്‌കിപ്പ് ആഡ് എന്ന ഓപ്ഷന്‍ ഒരു കറുത്ത ചതുരത്തിനുള്ളില്‍ ഒളിച്ചിരിക്കുകയാണെന്നും അത് വേഗത്തില്‍ ക്ലിക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്നും ചില ഉപയോക്താക്കള്‍ പറയുന്നു. ആഡ് സ്‌കിപ്പ് ചെയ്യാതെ മുഴുവന്‍ കാണിക്കാനുള്ള തന്ത്രമാണ് യൂട്യൂബിന്റേതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പരാതിപ്പെട്ടു. എന്നാല്‍ എല്ലാവര്‍ക്കും ഇതേ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. സ്‌കിപ്പ് ആഡ് കാണാത്ത പ്രശ്‌നവും കൗണ്ട് ഡൗണ്‍ കാണാത്ത പ്രശ്‌നവും ചുരുക്കം ചിലര്‍ക്കേയുള്ളൂ.
Read Also: മഹാരാഷ്ട്രയിൽ പീരങ്കി ഷെൽ പൊട്ടിത്തെറിച്ച് 2 അഗ്നിവീറുകൾ കൊല്ലപ്പെട്ടു
യൂട്യൂബ് മനപൂര്‍വം സ്‌കിപ് ആഡ് ബട്ടണ്‍ ഒളിപ്പിച്ചുവച്ചെന്ന വിമര്‍ശനം യൂട്യൂബിന്റെ ഒലുവ ഫലോഡന്‍ പൂര്‍ണമായും തള്ളി. തങ്ങള്‍ യൂട്യൂബ് ആഡ് പ്ലെയര്‍ ഇന്റര്‍ഫേസ് മാറ്റുന്നതിനുള്ള പണിപ്പുരയിലാണെന്നും ഇത് കാരണമാകാം കുറച്ച് പേര്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഉടനടി യൂട്യൂബ് പരസ്യങ്ങള്‍ കൂട്ടിയേക്കുമെന്നും പ്രീമിയമെടുക്കാന്‍ പലരും നിര്‍ബന്ധിതരായേക്കുമെന്നും റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Story Highlights : YouTube Refutes Allegations Of Hiding Skip Button
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here