മതപഠനം ഇന്ത്യയിൽ ഭരണഘടന അംഗീകരിക്കുന്നത്, തീരുമാനത്തിൽ നിന്ന് കമ്മീഷൻ പിന്മാറണം; ആനിരാജ

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നടപടിക്കെതിരെ സിപിഐഎം ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ. അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണ്. ശക്തമായി അപലപിക്കുന്നു. തീരുമാനത്തിൽ നിന്നും ദേശീയബാലാവകാശ കമ്മീഷൻ പിന്മാറണം. ആരെയും ശാക്തീകരിക്കാൻ അല്ല മറിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമാണിത്. മതപഠനം ഇന്ത്യയിൽ ഭരണഘടന അംഗീകരിക്കുന്നതാണ്, അക്ഷരാഭ്യാസം നൽകുന്നതിൽ വലിയ പങ്കു മദ്രസകൾ വഹിക്കുന്നുണ്ട് ആനിരാജ ട്വന്റി ഫോറിനോട് പറഞ്ഞു.
അതേസമയം, മദ്രസകൾ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരെന്ന് ചൂണ്ടിക്കാണിച്ചാണ് ദേശീയബാലാവകാശ കമ്മീഷന്റെ നടപടി. മദ്രസകളെ കുറിച്ച് പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ, പ്രിയങ്ക് കാനൂങ് അയച്ച കത്തിലാണ് മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നത്.
മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് കമ്മീഷന്റ വിലയിരുത്തൽ.
Read Also: മഹാരാഷ്ട്രയിൽ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയം, ബോളിവുഡ് താരങ്ങൾക്ക് പ്രിയങ്കരനായ ബാബാ സിദ്ദിഖ്
വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരായാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ ഭരണഘടനപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും 11 പേജുളള കത്തിൽ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. മദ്രസകളിലെ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്നത് നിർത്തലാക്കണം. അവിടെ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു.
Story Highlights : Annie raja reacts to the National Child Rights Commission’s move against madrassas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here