ബാബാ സിദ്ദിഖിയുടെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് ലോറൻസ് ബിഷ്ണോയ്; പ്രതികൾക്ക് മുൻകൂറായി പണം ലഭിച്ചു
മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്. അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴി നൽകി. കൊലപാതകത്തിന് മുൻകൂറായി പണം ലഭിച്ചു. നടന്നത് ക്വട്ടേഷൻ കൊല തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു മാസത്തിലേറെയായി പ്രതികൾ ബാബാ സിദ്ദിഖിയുടെ പുറകെ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിനായി ഒരു മാസത്തിലധികമായി പ്രദേശത്ത് പ്രതികൾ നിരീക്ഷണം നടത്തിയിരുന്നു. ഓട്ടോയിലാണ് പ്രതികൾ എത്തിയത്. ബാബാ സിദ്ദിഖി വരുന്നത് വരെ പ്രതികൾ കാത്തിരുന്നെന്ന് മൊഴി പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ബാബാ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ട് പ്രതികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ മൂന്ന് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. മൂന്നാമനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
15 ദിവസങ്ങൾക്ക് മുമ്പ് ബാബാ സിദ്ദിഖിക്ക് വധഭീഷണി ലഭിച്ചിരുന്നു. ലോറൻസ് ബിഷ്ണോയി ഉൾപ്പെടെയുള്ള ഗുണ്ടാസംഘങ്ങൾ സംശയനിഴലിലാണ്. ബാന്ദ്രാ ഈസ്റ്റിൽ മകനും എംഎൽഎയുമായ സീഷന്റെ ഓഫീസിനടുത്ത് ഇന്നലെയാണ് സംഭവം. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ പടക്കം പൊട്ടിക്കുന്നതിടെയാണ് വെടിവയ്പ് ഉണ്ടായത്. നാല് റൗണ്ട് വെടിയുതിർത്തു.
Read Also: ബാബാ സിദ്ദിഖിയുടെ കൊലപാതകം; ഒരു മാസത്തിലധികമായി നിരീക്ഷണം നടത്തി; പ്രതികൾ എത്തിയത് ഓട്ടോയിൽ
നെഞ്ചിൽ വെടിയേറ്റ ബാബാ സിദ്ധിഖിയെ ഉടൻ ലീലാ വതി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് ബാബാ സിദ്ദിഖി. സൽമാനുമായുള്ള ബന്ധമാണോ സിദ്ദിഖിയെ ലക്ഷ്യമിടാൻ കാരണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
31 കാരനായ ലോറൻസ് ബിഷ്‌ണോയി കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ടയാളാണ്. തങ്ങൾ ഒരുമിച്ച് ആസൂത്രണം ചെയ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയെന്ന് ഇയാളുടെ സുഹൃത്ത് ഗോൾഡി ബ്രാർ അവകാശപ്പെട്ടതിനെ തുടർന്നാണ് ലോറൻസ് ബിഷ്‌ണോയി കുപ്രശസ്തനായത്. ലോറൻസ് ബിഷ്ണോയി ഇപ്പോൾ ജയിലലിലാണ്. സൽമാൻ ഖാനെതിരെ നിരവധി തവണ വധ ഭീഷണി മുഴക്കിയ ആള് കൂടിയാണ് ലോറൻസ് ബിഷ്‌ണോയി. സൽമാനെ കൊല്ലുകയാണ് തൻ്റെ ലക്ഷ്യമെന്ന് 2023ൽ ജയിലിൽ നിന്ന് നൽകിയ അഭിമുഖത്തിൽ ബിഷ്‌ണോയ് പറയുകയുണ്ടായിരുന്നു.
Story Highlights : Gangster leader Lawrence Bishnoi behind the murder of Baba Siddique
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here