വനിതാ ടി20 ലോകകപ്പ് : ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നിട്ടും ആശയ്ക്ക് കളിക്കാനാകാത്തത് എന്തുകൊണ്ട്?

വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവന്‍ പുറത്ത് വന്നപ്പോള്‍ മലയാളി താരം ആശ ശോഭനയുടെ പേരുണ്ടായിരുന്നു. ടോസിന് ശേഷവും ആദ്യ 11ല്‍ ശോഭനയുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് മത്സരത്തിനിറങ്ങാന്‍ സാധിച്ചില്ല. മത്സരം ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് കാല്‍മുട്ടിന് പരിക്കേറ്റതോടെ ആശാ ശോഭനയ്ക്ക് കളിക്കാന്‍ പറ്റാതെയാവുകയായിരുന്നു. ശോഭനയ്ക്ക് പകരം ഇടംകൈയ്യന്‍ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ രാധ യാദവ് ടീമിലെത്തുകയും ചെയ്തു.
ടോസിനിടെയാണ് ശോഭനക്ക് പരിക്കേറ്റത്. ഇതോടെ താരത്തെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആശ ഇതുവരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് . ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു തകര്‍പ്പന്‍ പ്രകടനം. എതിര്‍ ക്യാപ്റ്റന്റെ സമ്മതമില്ലാതെ നോമിനേഷനുശേഷം ഒരു കളിക്കാരനെയും മാറ്റാന്‍ സാധിക്കില്ല എന്നതാണ് ഐസിസി നിയമം.അങ്ങനെ മാറ്റം വേണമെങ്കില്‍ എതിര്‍ ക്യാപ്റ്റന്‍ സ്വാപ്പിന് സമ്മതിക്കണം.
Read Also: ഹര്‍മ്മന്‍ പൊരുതിയിട്ടും ഒമ്പത് റണ്‍സ് അകലെ ഇന്ത്യന്‍ വനിതകള്‍ വീണു; സെമി സാധ്യത മങ്ങി
പ്ലേയിംഗ് ഇലവനില്‍ പകരക്കാരനെ ഉള്‍പ്പെടുത്താന്‍ ടീം ഇന്ത്യ മാച്ച് റഫറി ഷാന്‍ഡ്രെ ഫ്രിറ്റ്‌സുമായി സംസാരിക്കുകയും ഓസീസ് ക്യാപ്റ്റന്‍ തഹ്ലിയ മഗ്രാത്തിന്റെ സമ്മതമുണ്ടെങ്കില്‍ പകരം കളിക്കാന്‍ താരത്തെ ഇറക്കാമെന്നുമായി കാര്യങ്ങള്‍. ഓസീസ് ക്യാപ്റ്റനുമായി സംസാരിച്ചതിന് ശേഷമാണ് രാധ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പകരക്കാരിയല്ലാതെ ടീമിലെ അംഗമായി തന്നെ രാധ യാദവിന് കളിക്കാന്‍ സാധിച്ചു. ഓസീസ് ടീം ക്യാപ്റ്റന്‍ അലിസ ഹീലിക്ക് പരിക്കേറ്റതാണ് മത്സരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ടീമിനെ പ്രേരിപ്പിച്ചത് അങ്ങനെ സ്ഥിരം ക്യാപ്റ്റന് പകരം മഗ്രാത്ത് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
‘ഓരോ ക്യാപ്റ്റനും 11 കളിക്കാരെ കൂടാതെ പരമാവധി നാല് പകരക്കാരായ ഫീല്‍ഡര്‍മാരെയും ഐസിസി നല്‍കുന്ന ടീം ഷീറ്റില്‍ രേഖാമൂലം നാമനിര്‍ദ്ദേശം ചെയ്യണം. ഷീറ്റില്‍ രേഖപ്പെടുത്തിയ ശേഷം കളി തുടങ്ങുന്നതിനു മുമ്പ് എതിര്‍ ക്യാപ്റ്റന്റെ സമ്മതമില്ലാതെ ഒരു താരത്തേയും മാറ്റാന്‍ പാടില്ല’ എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഐസിസി പറയുന്നത്. ബിസിസിഐ മെഡിക്കല്‍ ടീം ആശ ശോഭനയുടെ ആരോഗ്യ പുരോഗതി നിരീക്ഷിച്ചുവരികയാണ്.
Story Highlights : Asha Sobhana injured ahead of IND vs AUS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here