വനിത ക്രിക്കറ്റ് ലോക കപ്പ്: ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ

വനിതകളുടെ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം മാച്ച് ഇന്ന് നടക്കും. ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴരക്ക് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ പാകിസ്താനോട് വിജയം വരിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിലും മിന്നുന്ന ജയം സ്വന്തമാക്കേണ്ടതുണ്ട്. ന്യൂസീലാന്‍ഡിനെതിരായ ആദ്യമത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ടൂര്‍ണമെന്റില്‍ സെമിസാധ്യത നിലനിര്‍ത്തണമെങ്കിലും നല്ല മാര്‍ജിനില്‍ തന്നെ ശ്രീലങ്കയെ പരാജയപ്പെടുത്തണം. പാകിസ്താനെതിരായ മത്സരത്തില്‍ പരിക്കേറ്റ് ക്രീസ് വിടേണ്ടി വന്ന ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ ആരോഗ്യം വീണ്ടെടുത്തുവെന്നും ഇന്ന് മത്സരത്തിലുണ്ടാകുമെന്നുമുള്ള വാര്‍ത്തകള്‍ ടീം ഇന്ത്യക്ക് ആശ്വാസം പകരുന്നതാണ്. എന്നാല്‍ പരിക്കേറ്റ ഓള്‍റൗണ്ടര്‍ പൂജ വസ്ത്രാകര്‍ ഇന്നത്തെ മത്സരത്തിലും കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പകരം മലയാളി താരം സജ്‌ന സജീവന് അവസരം ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്തുകാരി ആശ ശോഭനയടക്കം രണ്ട് മലയാളികള്‍ ഇന്ത്യന്‍ ടീമില്‍ ലോക കപ്പ് മത്സരത്തില്‍ കളിക്കുന്നുവെന്ന അപൂര്‍വ്വത ഇന്നത്തെ ശ്രീലങ്ക-ഇന്ത്യ മത്സരത്തിനുണ്ടാകും. പാകിസ്താനുമായുള്ള കഴിഞ്ഞ മത്സരത്തില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ പകരം ക്രീസിലെത്തി വിജയ റണ്‍ എടുത്തത് സജ്‌ന സജീവനായിരുന്നു. ന്യൂസീലാന്‍ഡുമായും പാകിസ്താനുമായും ഉള്ള മത്സരങ്ങളില്‍ ആശ ശോഭന ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. ഇന്ത്യന്‍നിരയിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ ബൗണ്ടറിയും സിക്‌സറുമില്ലാതെ കളം വിടേണ്ടി വരുന്നത് വലിയ നിരാശയാണ് ആരാധകര്‍ക്കുണ്ടാക്കുന്നത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ് തുടങ്ങിയവര്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ്. പാകിസ്താനുമായുള്ള മത്സരത്തില്‍ ഷഫാലി 35 ബോളില്‍ നിന്ന് 32 റണ്‍സ് എടുത്തിരുന്നെങ്കിലും പതിവ് ഫോമിലേക്ക് ഉയരുന്നില്ലെന്നതാണ് ആശങ്ക. ലോക കപ്പിന് മുമ്പ് നടന്ന മത്സരങ്ങളിലേത് പോലെ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മക്കും വേണ്ടത്ര മികവ് പുലര്‍ത്താനാകാത്തത് വെല്ലുവിളിയാണ്.
Read Also: ഒരൊറ്റ ഗോള്‍! ഗ്യാലറി നിശ്ചലം!!; ഫുട്‌ബോള്‍ ചരിത്രം സ്വര്‍ണലിപികളിലെഴുതിയ പേരാണ് ഇനിയേസ്റ്റ
അതേ സമയം ലോക ക്രിക്കറ്റ് മാമാങ്കത്തില്‍ ആദ്യരണ്ട് കളിയും തോറ്റ ശ്രീലങ്കയുടെ നില പരുങ്ങലിലാണ്. ശ്രീലങ്കയുടെ സെമിപ്രതീക്ഷ ഏറെക്കുറെ അവസാനിച്ചെങ്കിലും ഇന്ത്യയുമായുള്ള മാച്ചെങ്കിലും വിജയിക്കണമെന്ന ആഗ്രഹം ടീമിനുണ്ടായിരിക്കും. 24 തവണയാണ് ഇരുടീമും ഏറ്റുമുട്ടിയത്. ഇവയില്‍ പത്തൊന്‍പതിലും ഇന്ത്യക്കായിരുന്നു ജയം. അഞ്ച് കളികളില്‍ ലങ്ക വിജയിച്ചു. ഈ അടുത്ത കാലത്ത് നടന്ന മത്സരം ഏഷ്യകപ്പിലേത് ആയിരുന്നു. ഇതില്‍ ശ്രീലങ്കയാണ് വിജയിച്ചത്. അത് കൊണ്ട് തന്നെ ഇന്ത്യക്ക് നിഷ്ടപ്രയാസം തോല്‍പ്പിച്ച് കളയാവുന്ന ടീം അല്ല ശ്രീലങ്കയെന്ന ധാരണ അവര്‍ക്കുണ്ട്.
Story Highlights : India vs Srilanka match in T20 Cricket World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here