Advertisement

ഒരൊറ്റ ഗോള്‍! ഗ്യാലറി നിശ്ചലം!!; ഫുട്‌ബോള്‍ ചരിത്രം സ്വര്‍ണലിപികളിലെഴുതിയ പേരാണ് ഇനിയേസ്റ്റ

October 8, 2024
Google News 4 minutes Read
Andres Iniesta

2010-ലെ സൗത്ത് ആഫ്രിക്ക ലോക കപ്പ് ഫൈനല്‍. ജൊഹന്നാസ് ബര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ പ്രവചനങ്ങളെയാകെ തെറ്റിച്ച് അവസാനമത്സരത്തിനിറങ്ങിയത് സ്‌പെയിനും നെതര്‍ലാന്‍ഡ്‌സും. ആര്യന്റോബന്റെ തുറന്ന രണ്ട് ഗോളവസരങ്ങള്‍ സ്‌പെയിന്‍ പ്രതിരോധ നിര ചെറുത്തത് ആ നിമിഷത്തിന് വേണ്ടിയായിരുന്നു. അധിക സമയത്തിലേക്ക് മത്സരം നീണ്ടിരുന്നു. ഷൂട്ടൗട്ടിലേക്ക് പോകുമോ എന്ന സന്ദേഹങ്ങള്‍ക്കിടയില്‍ 116-ാം മിനിറ്റില്‍ അതാ വരുന്നു ലോകം കണ്ട എക്കാലത്തെയും മികച്ച മധ്യനിരക്കാരില്‍ ഒരാളായ ആന്ദ്രെ ഇനിയേസ്റ്റയുടെ മിന്നുന്ന ഗോള്‍. ഈ ഒറ്റ ഗോളോടെ വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌പെയിന്‍ ഫിഫ ലോക കപ്പില്‍ വീണ്ടും മുത്തമിട്ടു. ഇതോടെ ഇനിയേസ്റ്റയുടെ പേര് ഫുട്‌ബോള്‍ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടു.

2024 ഒക്ടോബര്‍ എട്ടിന് നീണ്ട 22 വര്‍ഷത്തെ സോക്കര്‍ ജീവിതം അവസാനിപ്പിച്ച് ആന്ദ്രെസ് ഇനിയസ്റ്റ ലുജാന്‍ എന്ന ആന്ദ്രെ ഇനിയസ്റ്റ മൈതാനം വിടുമ്പോള്‍ ആരാധകര്‍ക്കും സഹകളിക്കാര്‍ക്കുമെല്ലാം ഒരുപോലെ ഗൃഹാതുരത്വമുണര്‍ത്തുന്നതായിരിക്കും അദ്ദേഹത്തിന്റെ കളിനിമിഷങ്ങള്‍. ലോക കപ്പിനൊപ്പം രണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരിടങ്ങളുമായി ഇനിയസ്റ്റയുടെ കിരയര്‍ പ്രൗഢഗംഭീരമാണ്.

Read Also: എടാ മോനേ…ആറ്റിറ്റ്യൂഡ‍് വേണോ? വൈറലായി ഹർദികിന്റെ ‘നോ ലുക്ക് ഷോട്ട്’; കടുവകളെ അപമാനിക്കരുതെന്ന് ട്രോൾ

ബാഴ്സലോണയിലെ ഒരു ചടങ്ങിനിടെ വിതുമ്പിപ്പോയ താരത്തിന്റെ വാക്കുകള്‍ അങ്ങേയറ്റം വികാരനിര്‍ഭരമായിരുന്നു. ”ഈ ദിവസം വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, ഞാന്‍ അത് സങ്കല്‍പ്പിച്ചില്ല. എന്നിരുന്നാലും ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ പൊഴിച്ച കണ്ണീരെല്ലാം വികാരത്തിന്റെയും അഭിമാനത്തിന്റെയും കണ്ണുനീരാണ്, സങ്കടമല്ല. ഫുട്‌ബോള്‍ കളിക്കാരനാകാന്‍ സ്വപ്നം കാണുകയും കഠിനാധ്വാനം, പരിശ്രമം, സമര്‍പ്പണം എന്നിവയിലൂടെ അത് സാക്ഷാത്കരിക്കുകയും ചെയ്ത ഒരു ചെറുപ്പക്കാരന്റെ യാത്രയാണ് അവ പ്രതിഫലിപ്പിക്കുന്നത്”- ഇതായിരുന്നു ഇനിയേസ്റ്റയുടെ വാക്കുകള്‍.

ക്ലബ്ബ് കരിയറില്‍ 2018-ല്‍ ബാഴ്സലോണയില്‍ നിന്നായിരുന്നു താരത്തിന്റെ തുടക്കം. ബാഴ്‌സലോണ വിട്ട ഇനിയേസ്റ്റ ജപ്പാനില്‍ വിസല്‍ കോബെയ്ക്കൊപ്പം തന്റെ പ്രൊഫഷണല്‍ യാത്ര തുടര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷമായി യുഎഇ പ്രോ ലീഗില്‍ എമിറേറ്റ്സുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.
2002-ല്‍ ബാഴ്സലോണയ്ക്കായി അരങ്ങേറ്റം കുറിച്ച ഇനിയേസ്റ്റ, ഇതുവരെ 674 മത്സരങ്ങളാണ്് ക്ലബ്ബിനായി പൂര്‍ത്തിയാക്കിയത്. എന്നും ഓര്‍മ്മയായി ബാഴ്‌സലോണയിലെ നാളുകള്‍ ഉണ്ടാകുമെന്നായിരുന്നു വിരമിക്കല്‍ പ്രസംഗത്തില്‍ ഇനിയേസ്റ്റ് പറഞ്ഞത്.

Read Also: ടി 20 വനിത ലോക കപ്പ്: സജ്‌നയുടെ ബൗണ്ടറിയില്‍ ഇന്ത്യക്ക് ആദ്യ ജയം

അസാധാരണമായ പന്തടക്കവും കളിമെനയാനുള്ള വൈധഗ്ദ്ധ്യവും കാണിച്ചിരുന്ന ഇനിയേസ്റ്റ, അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെ ആക്രമണ ശൈലിയോട് കിടപിടിക്കുന്ന നീക്കങ്ങള്‍ നടത്തിയിരുന്നു. ബാഴ്‌സ സഹതാരങ്ങളായിരുന്ന സാവി ഹെര്‍ണാണ്ടസ്, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് എന്നീ കളിക്കാര്‍ക്കൊപ്പം ഒഴിവാക്കാന്‍ പറ്റാത്ത താരമായി ഇനിയേസ്റ്റ് മാറിയിരുന്നു. ടിക്കി-ടാക്ക ശൈലിയില്‍ സ്‌പെയിന്‍ കളിക്കുമ്പോള്‍ അതിന്റെ ചുക്കാന്‍ പിടിച്ചിരുന്നു ഈ മധ്യനിരക്കാരന്‍. കറ്റാലന്‍ ക്ലബിനൊപ്പമുള്ള തന്റെ അസംഖ്യം കിരീടങ്ങളില്‍ ഒമ്പത് ലാ ലിഗ ട്രോഫികളും ആറ് കോപ്പ ഡെല്‍ റേ കിരീടങ്ങളും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്‌പെയിനിന് സുവര്‍ണ്ണ കാലഘട്ടമുണ്ടാക്കിയതില്‍ ഇനിയേസ്റ്റക്ക് നിര്‍ണായക പങ്കുണ്ട്. 2008, 2012 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ വിജയങ്ങള്‍ക്കും 2010-ല്‍ ദക്ഷിണാഫ്രിക്കയിലെ കിരീട നേട്ടത്തിനും പിന്നില്‍ ഇനിയേസ്റ്റയുടെ കഠിനധ്വാനം ഫുട്‌ബോള്‍ ലോകം മറക്കാനിടയില്ല.

ബാഴ്‌സയില്‍ സഹതാരങ്ങളായിരുന്ന മെസിയടക്കമുള്ളവര്‍ ഇനിയേസ്റ്റക്ക് ആശംസ നേര്‍ന്നുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ”മാന്ത്രിക ടീമംഗങ്ങളില്‍ ഒരാള്‍, ഒപ്പം കളിക്കാനായതില്‍ സന്തോഷമുണ്ട്. ഫുട്‌ബോള്‍ ലോകം നിങ്ങളെ മിസ് ചെയ്യും, ഞങ്ങള്‍ക്കും. നിങ്ങള്‍ ശരിക്കും ഒരു പ്രതിഭാസമാണ്. തുടര്‍ന്നും വിജയം ആശംസിക്കുന്നു” ഇതായിരുന്നു മെസിയുടെ വാക്കുകള്‍. ബാഴ്‌സ അധികൃതരും താരത്തിന്റെ വിരമിക്കല്‍ ചടങ്ങിനിടെ ആശംസകളുമായി എത്തി. ”ഈ അസാമാന്യ പ്രതിഭയോട് ഫുട്‌ബോള്‍ വിടപറയുമ്പോള്‍, ആന്ദ്രേസ് ഇനിയേസ്റ്റയുടെ പൈതൃകം ഭാവിതലമുറയെ പ്രചോദിപ്പിക്കുമെന്നതില്‍ സംശയമില്ല. ”ഇനിയേസ്റ്റ…ഫുട്ബോളിലെ നിങ്ങളുടെ പാരമ്പര്യം എന്നേക്കും നിലനില്‍ക്കും”- ബാഴ്സലോണ പ്രഖ്യാപിച്ചു. വിരമിക്കല്‍ ചടങ്ങ് ആരാധകര്‍ക്കായി തത്സമയം സംപ്രേക്ഷണം ചെയ്യാനും ക്ലബ്ബ് ഉത്സാഹം കാണിച്ചു.

Read Also: ടി 20 വനിത ലോക കപ്പ്: സജ്‌നയുടെ ബൗണ്ടറിയില്‍ ഇന്ത്യക്ക് ആദ്യ ജയം

”എനിക്ക് ഈ നിമിഷത്തെ ഒറ്റ വാക്കില്‍ സംഗ്രഹിക്കാന്‍ കഴിയുമെങ്കില്‍, അത് അഭിമാനം എന്നായിരിക്കും.” ചടങ്ങിനെത്തിയവരോടും ആരാധാകരോടുമായി ഇനിയേസ്റ്റ പറഞ്ഞു. ”മൈതാനത്തെ അവസാന ദിവസം വരെ പോരാടുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്തതില്‍ അഭിമാനിക്കുന്നു. നീണ്ട യാത്രയില്‍ വിജയവും തോല്‍വികളും നാമെല്ലാവരും നേരിടുന്ന വെല്ലുവിളികളും ഉള്‍പ്പെടുന്നു. അഭിമാനവും അചഞ്ചലമായ സ്ഥിരോത്സാഹവുമാണ് ഇന്ന് എനിക്ക് സന്തോഷം നല്‍കുന്നത്”-വികാരനിര്‍ഭരമായിരുന്നു ആന്ദ്രെ ഇനിയേസ്റ്റയുടെ വാക്കുകള്‍.

Story Highlights: Spain football player Andrés Iniesta’s Farewell with Barcelona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here