എടത്താനേ… വലത്താനേ! ഒറ്റദിവസം കൊണ്ട് ആനപാപ്പാനാവാം; ഏകദിന കോഴ്സിൽ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്
ഒറ്റദിവസം കൊണ്ട് ആനപാപ്പാനാവാൻ അവസരം. വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗം നടത്തുന്ന കോഴ്‌സിൽ പങ്കെടുക്കുന്നവർക്കാണ് പാപ്പാന്മാരാവുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏകദിന കോഴ്സ് നടത്തുന്നത്. ആനയുടമസ്ഥൻ നൽകുന്ന സാക്ഷ്യപത്രത്തോടുകൂടിയതാണ് കോഴ്സ്.
പാലക്കാട് ജില്ലയിലെ കോഴ്‌സ് ഒലവക്കോട് വനം ഡിവിഷൻ ആസ്ഥാനത്ത് 22-നും തൃശ്ശൂരിലേത് 23-നും കോഴ്സ് നടത്തും. നിലവിൽ ആനകളുടെ കൈവശക്കാർക്കും പാപ്പാനായി പരിചയസമ്പത്തുണ്ടെന്നു നിശ്ചിതഫോറത്തിൽ സാക്ഷ്യപത്രം നൽകുന്നവർക്കും കോഴ്‌സിൽ പങ്കെടുക്കാം.ഇതിനായി ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവയുമായെത്തി രജിസ്റ്റർ ചെയ്യണം.
2003-ലെ നാട്ടാനപരിപാലനചട്ടത്തിലെ വ്യവസ്ഥപ്രകാരം ആനയെ പരിപാലിക്കുന്നവർക്ക് വനംവകുപ്പിന്റെ യോഗ്യതാസർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം അഞ്ചുവർഷം ആനപരിപാലനരംഗത്തുള്ളവർക്ക് മാത്രമേ കോഴ്സിൽ പങ്കെടുക്കാൻ കഴിയൂ. കോട്ടൂർ, കോടനാട്, കോന്നി എന്നീ നാട്ടാന പരിശീലനകേന്ദ്രങ്ങളിൽ മൂന്നുവർഷം ആനപരിപാലനരംഗത്തുള്ളവർക്കും പങ്കെടുക്കാം.
സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് സർക്കാരിലും ദേവസ്വം ബോർഡുകളിലും അപേക്ഷിക്കാൻ കഴിയും. പാപ്പാന്മാർക്ക് സർക്കാർ ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. അതേസമയം കോഴ്സ് നടത്തുന്നതിനടെ മൃഗാവകാശ സംഘടന രംഗത്തെത്തിയിരന്നു. കോഴ്സ് നടത്തുന്നതിനെതിരെ ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിക്ക് ഇവർ പരാതി നൽകുകയും ചെയ്തു.
Story Highlights : Elephant mahout certification one day course
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here