Advertisement

കെട്ടിച്ചമച്ചതോ?; നവീൻ ബാബു അഴിമതിരഹിത പട്ടികയിലെ ആദ്യസ്‌ഥാനക്കാരിൽ ഒരാൾ, ദിവ്യയുടെ ചെയ്​തി ആര്‍ക്ക് വേണ്ടി?

October 17, 2024
Google News 1 minute Read

റവന്യു വകുപ്പ് തയാറാക്കിയ അഴിമതിരഹിത പട്ടികയിലെ ആദ്യസ്‌ഥാനക്കാരിൽ ഒരാളാണ് അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ എ‍ഡിഎം നവീൻ ബാബു. നിയമപരമായും സർവീസ് സംബന്ധമായും ഉള്ള അറിവ്, പ്രവർത്തനമികവ് എന്നിവയിലും നവീന് മികച്ച സ്കോറാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ചെയ്​തി ആര്‍ക്ക് വേണ്ടിയായിരുന്നു? എന്തിന് വേണ്ടിയായിരുന്നുവെന്ന ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ഉയർന്നുവരുന്നത്.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെയാണ് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വ്യക്തമാക്കിയത്. സംരംഭകന്‍ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി വിജിലന്‍സിനും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ ഉടൻ ലഭിക്കുന്ന റസീറ്റ് ഹാജരാക്കാൻ ഇതുവരെ പമ്പ് ഉടമയ്ക്ക് കഴിഞ്ഞിട്ടുമില്ല. ഇതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന വാദം ശക്തമാവുകയാണ്.

മരണം നടന്ന് രണ്ടുദിവസമായിട്ടും, നവീൻ ബാബുവിന്റെ പരസ്യമായി അപമാനിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യക്കെതിരെ ചെറുവിരൽ അനക്കാൻ പോലും പൊലീസ് തയ്യാറായില്ല. കുടുംബം നേരിട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും ആത്മഹത്യാ പ്രേരണ കുറ്റം ദിവ്യക്കെതിരെ ചുമത്തിയിട്ടില്ല. അസ്വാഭാവിക മരണം എന്ന് മാത്രാണ് എഫ്.ഐ.ആര്‍. കൈക്കൂലി ആരോപണം ഉയർത്തിയ ടിവി പ്രശാന്തൻ ബെനാമിയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെ പ്രശാന്തനും മൗനത്തിലാണ്.

ഇതിനിടെ നവീൻ ബാബുവിനും ടിവി പ്രശാന്തനുമെതിരെ വിജിലനസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. 98,500 രൂപ കൈക്കൂലി നൽകിയിന് പ്രശാന്തനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഇതിനോടൊപ്പം പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയതെന്ന് പറയപ്പെടുന്ന പരാതിയും ഉണ്ട്.

പൊലീസിന്റെ എതിർപ്പ് മറികടന്നാണ് പമ്പിന് അനുമതി നൽകിയതെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. കൈക്കൂലി നൽകൽ, വാങ്ങൽ, ചട്ടവിരുദ്ധമായി പമ്പ് തുടങ്ങാനുള്ള ശ്രമം, കൈക്കൂലി വാങ്ങിയെങ്കിൽ എന്തുകൊണ്ട് വിജിലൻസിനെ അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടക്കും. പമ്പിനായി സമ്മർദ്ദം ചെലുത്തിയ ജനപ്രതിനിധികളും അന്വേഷണ പരിധിയിൽ വരും.

അതേസമയം എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പിപി ദിവ്യക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.

എഡിഎമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് യോ​ഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ പരസ്യമായി എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിക്കുകയായിരുന്നു. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Story Highlights : Kannur ADAM Naveen Babu’s death sparks controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here