പി സരിനെ ചുവന്ന ഷാൾ അണിയിച്ച് CPIM; ഇനി ഇടതിന്റെ ശബ്ദം

പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പി സരിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് സിപിഐഎം. എല്ലാ അർത്ഥത്തിലും തുടങ്ങാം എന്നാണ് തോന്നുന്നത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല, ഒരു വ്യക്തിയുടെ ശബ്ദമായി അവസാനിക്കേണ്ടതല്ല, പ്രസ്ഥാനത്തിന്റെ ശബ്ദമായി മാറ്റപ്പെടേണ്ടതാണ് എന്ന ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ താനിവിടെ എത്തിനിൽക്കുന്നതെന്ന് പി സരിൻ മാധ്യമങ്ങളോട് പറഞ്ഞു.
”ഈ ശബ്ദം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശബ്ദമാണ്.. കേരളത്തിലെ ജനങ്ങളുടെ ശബ്ദമാണ്. ബിജെപിയെ ഈ മണ്ഡലത്തിൽ വിജയിപ്പിക്കാമെന്ന് ആരെങ്കിലും ആർക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ സിപിഐഎമ്മും ഇടതുപക്ഷവും നേരിടും. സ്ഥാനാർത്ഥിത്വം ആരിലേക്കെത്തിയാലും അത് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വത്തിലേക്ക് തന്നെ കൂടി ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും” സരിൻ വ്യക്തമാക്കി.
”സിപിഎമ്മിനെ ഇല്ലാത്ത ബിജെപി ബാന്ധവത്തിന്റെ പേരിൽ മുൾമുനയിൽ നിർത്താൻ ശ്രമിക്കുമ്പോൾ, ബിജെപിയെ എതിരിട്ട് തോൽപ്പിക്കുന്നത് ആരാണെന്ന് തെളിയിക്കുന്നതിന് രാഷ്ട്രീയ ഉത്തരവാദിത്വം ഇടതുപക്ഷം ഏറ്റെടുത്തെന്ന അറിയിപ്പിന്റെ ഭാഗമായിട്ടാണ് ഇന്ന് താൻ ഇവിടെ എത്തിയത്.
കോൺഗ്രസിനകത്ത് ഒരാളുടെ തോളിന്റെ മുകളിൽ കയറി നിൽക്കുമ്പോഴാണ് വലുപ്പം. എന്നാൽ ഇവിടെ തോളോട് തോൾ ചേരുമ്പോഴാണ് വലുപ്പമെന്ന ശക്തമായ രാഷ്ട്രീയ സന്ദേശമാണ് നല്കുന്നത്. അതിലൊരു പങ്കാളിയാകാൻ തനിക്ക് സാധിക്കുമെങ്കിൽ ഇപ്പോൾ തനിക്ക് കിട്ടിയ രാഷ്ട്രീയ മേൽവിലാസം ചുമതലാബോധത്തോടുകൂടി നിർവ്വഹിക്കാൻ ഒപ്പമുണ്ടാകുമെന്ന് കേരളസമൂഹത്തെ സാക്ഷിയാക്കി അറിയിക്കുകയാണ്”. സരിൻ വ്യക്തമാക്കി.
അതേസമയം, പി സരിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇന്ന് വൈകീട്ട് പ്രഖ്യാപിക്കാനിരിക്കെ സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ സരിനെ നേതാക്കൾ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രവർത്തകർ സഖാവ് പി സരിന് അഭിവാദ്യം മുഴക്കി. എകെ ബാലൻ, എൻ എൻ കൃഷ്ണദാസ് ഉൾപ്പെടെ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഐഎമ്മിൻ്റെ പാർട്ടി ചിഹ്നം നൽകില്ല .
Story Highlights : CPIM wearing P Sarin red shawl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here