Advertisement

‘പാലക്കാട് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആളില്ല; കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പില്ല’; പിവി അൻവർ

October 19, 2024
Google News 2 minutes Read

പാലക്കാട് ഡിഎംകെ സാന്നിധ്യം എൽഡിഎഫിനും യുഡിഎഫിനും തലവേദന സൃഷ്ടിക്കുമെന്ന് പിവി അൻവർ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണയ്ക്കാമെന്ന് പിവി അൻവർ പറഞ്ഞു. ഡിഎംകെ മത്സരിച്ചില്ലെങ്കിൽ പോലും കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പില്ല. ആ ജില്ലയിലെ കോൺഗ്രസുകാരുടെ പിന്തുണ പോലും സ്ഥാനാർഥിക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തിയിൽ ജയിച്ച് ഒന്നര വർഷം നിയമസഭയിൽ എന്ത് ചെയ്യാനാണെന്ന് പിവി അൻവർ ചോദിച്ചു. പാലക്കാട് ഡിഎംകെ സ്ഥാനാർഥിയെ പിൻവലിച്ചാൽ യുഡ‍ിഎഫ് ചേലക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കുമോ എന്നും ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നും പിവി അൻവർ പറഞ്ഞു.

കർഷക തൊഴിലാളികളുടെ ഈറ്റില്ലമായ പാലക്കാട് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആളില്ലെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. കോൺഗ്രസിൽ നിന്ന് രാജിവച്ച സരിൻ്റെ പുറകെ നടക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്ന് അൻവറിന്റെ വിമർശനം. താൻ നോമിനേഷൻ കൊടുത്തപ്പോൾ തന്നെ ഇങ്ങോട്ട വന്നാണ് എൽഡിഎഫ് പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘പി.പി ദിവ്യക്കെതിരെ നടപടി തീരുമാനിക്കേണ്ടത് CPIM; പ്രതിപക്ഷം നെറികെട്ട രാഷ്ട്രീയം നിർത്തണം’; ബിനോയ് വിശ്വം

കൊടിയേരിക്കും ,വിഎസ്സിനും , പിണറായിക്കും ശേഷം സിപിഐഎമ്മിൽ‌ നേതാക്കളില്ലെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ സിപിഐഎം സെക്രട്ടറിയേറ്റിലെ ആരെയും ആർക്കും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് കെട്ടിവച്ച പൈസ കിട്ടില്ലെന്ന് അൻവർ പറഞ്ഞു. ഏഴ് മണ്ഡലങ്ങളിലെ ഡിഎംകെയുടെ ശക്തി ഇടതുപക്ഷം കാണാൻ കിടക്കുന്നതേ ഉള്ളൂവെന്നും എഴുതി വച്ചോളാനും പിവി അൻവർ പറഞ്ഞു.

Story Highlights : Communist Party has no own candidate in Palakkad says PV Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here