Advertisement

പിണറായിയില്‍ തുടങ്ങി പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കാന്‍ പോകുന്നു: കെ കെ രമ

October 20, 2024
Google News 3 minutes Read
K K Rema MLA against Pinarayi vijayan led LDF Government

സാധാരണക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പിണറായി വിജയന്‍ നമ്മുടെ സംസ്ഥാനത്തെ മാറ്റിഎന്ന ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ രമ. ഖത്തറിലെ വടകര മണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ഭരണം മാഫിയ പ്രവത്തനമായി മാറിയിട്ട് നാളുകളേറെയായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. (K K Rema MLA against Pinarayi vijayan led LDF Government)

പിണറായി വിജയന്‍ സിപിഎം എന്ന പ്രസ്ഥാനത്തിന്റെ അന്ത്യം കുറിച്ച് കൊണ്ടിരിക്കുകയാണ്. പിണറായിയിലെ പാറപ്പുറത്ത് നിന്ന് തുടങ്ങിയ പ്രസ്ഥാനം പിണറായിയില്‍ തന്നെ അവസാനിക്കാന്‍ പോവുകയാണെന്നും കെ.കെ രമ പറഞ്ഞു. ലോക്കല്‍ സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിലാണ് ജനങ്ങളോട് ഇടപെട്ടു കൊണ്ടിരിക്കുന്നത്. തങ്ങളുടെ താല്പര്യത്തിനു വഴങ്ങാത്തതിനാണ് നവീന്‍ ബാബു എന്ന എഡിഎമ്മിനെ പൊതു ജനത്തിന് മുന്നില്‍ പരസ്യമായി വിചാരണ ചെയ്ത് അപമാനിക്കുകയും അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തത്. ദാരുണമായ ഈ സംഭവം നടന്നിട്ടും രാജിക്കത്തില്‍ ദിവ്യ എഴുതിയത് അഴിമതിക്കെതിരെയുള്ള സദുദ്ദേശപരമായ വിമര്‍ശനമാണ് നടത്തിയത് എന്നാണ്. കണ്ണൂരില്‍ ഉണ്ടായ ഒരുപാട് ദുരൂഹ മരണങ്ങള്‍ തെളിയാതെ കിടക്കുന്ന സാഹചര്യത്തില്‍ നവീന്‍ ബാബുവിന്റെ മരണം കൊലപാതകമല്ലെന്ന് പറയാനുള്ള എന്ത് തെളിവാണ് ഉള്ളതെന്നും അവര്‍ ചോദിച്ചു. നവീന്‍ ബാബുവിനെ അപമാനിച്ച സംഭവത്തില്‍ ദിവ്യ ഒറ്റക്കാണെന്ന് വിചാരിക്കുന്നില്ലെന്നും ഇതിനൊക്കെ പിന്നില്‍ വലിയ ലോബി ഉണ്ടാകുമെന്നും കെ കെ രമ പറഞ്ഞു.

Read Also: ദുബായിലെ എബിസി കാര്‍ഗോ ആന്‍ഡ് കൊറിയറിലെ വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ടിപി യുടെ ചോര പിണറിയായിയുടെ കുഴിമാടം വരെ പിന്തുടരുമെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു. അതിപ്പോള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. സമാധാനത്തോടെ സംസ്ഥാനം ഭരിക്കാന്‍ ഒരു ദിവസം പോലും പിണറായിക്ക് കഴിയുന്നില്ല. സകല മേഖലയിലും വിമര്‍ശനങ്ങളാണ്. പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയില്‍ നിന്ന് നിര്‍ത്താന്‍ പോലും സിപിഎമ്മിന് കിട്ടിയില്ല. ഇന്നലെ വരെ വിമര്‍ശിച്ച ഒരാളെയാണ് പെട്ടന്ന് അണികളുടെ വികാരം മാനിക്കാതെ സ്ഥാനാര്‍ഥിയാക്കിയത്.

വടകര മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തെ കുറിച്ചും കെ കെ രമ വിശദീകരിച്ചു. കഴിഞ്ഞ കാലങ്ങളിലെ ജനപ്രധിനികളുടെ പിടിപ്പുകേട് കൊണ്ട് പല ഫണ്ടുകളും ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. തനിക്ക് കഴിയാവുന്ന വിധത്തില്‍ മണ്ഡലത്തിലേക്ക് വികസനമെത്തിക്കാന്‍ ഈ കാലയളവില്‍ ശ്രമിച്ചിട്ടുണ്ടെന്നും കെ കെ രമ പറഞ്ഞു.

ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ നടന്ന സ്വീകരണ പരിപാടി റിയാസ് കെ, അല്‍താഫ്, ഇസ്മായില്‍ ഏറാമല എന്നിവരുടെ നേതൃത്തത്തില്‍ വോയ്‌സ് ഓഫ് ദോഹയുടെ സംഗീത വിരുന്നോടെയാണ് ആരംഭിച്ചത്. വടകര മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. ഖത്തര്‍ വടകര മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ അന്‍വര്‍ ബാബു അധ്യക്ഷം വഹിച്ച പരിപാടിയില്‍ കെ എം സി സി സംസ്ഥാന പ്രെസിഡന്റ് ഡോ. അബ്ദുസമദ്, ഇന്‍കാസ് അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഉസ്മാന്‍, കരുണ ഖത്തര്‍ പ്രതിനിധി സ്രീജു വടകര, കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ്, ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍, കെ എം സി സി വനിതാ വിംഗ് പ്രസിഡന്റ് സമീറ അബ്ദുല്‍നാസര്‍, ഇന്‍ കാസ് വനിത വിംഗ് ജില്ലാ പ്രസിഡന്റ് സ്‌നേഹ സിറിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഓര്‍ഗനൈസിംഗ് കമ്മിറ്റി വേണ്ടിയുള്ള മൊമന്റോ കെ കെ രമയ്ക്ക് അഫ്‌സല്‍ വടകരയും കോട്ടയില്‍ രാധാകൃഷ്ണനു പ്രശാന്ത് ഒഞ്ചിയവും നല്‍കി. മണ്ഡലം കെ എം സി സി ക്ക് വേണ്ടി യാസീന്‍, മഹമൂദ്, എന്നിവരും, ഇന്‍ കാസിനു വേണ്ടി ആഷിഖ്, ഈസ്സ എന്നിവരും ഷാള്‍ അണിയിച്ചു, ഒഞ്ചിയം കെ എം സി സി ക്ക് വേണ്ടി താജുദ്ദീന്‍, ഷറഫു, മഹ്‌റൂഫ് എന്നിവര്‍ ചേര്‍ന്ന് മുമെന്റോ നല്‍കി. ഖത്തര്‍ വടകര മണ്ഡലം യു ഡി എഫ് ജ. കണ്‍വീനര്‍ അഷറഫ് വടകര സ്വാഗതവും, ട്രഷറര്‍ സുധി നിറം നന്ദിയും പറഞ്ഞു.

Story Highlights : K K Rema MLA against Pinarayi vijayan led LDF Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here