‘സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ പാലക്കാട് ഡീല്‍, ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും’; പികെ കൃഷ്ണദാസ്

പാലക്കാട് വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് ട്വന്റി ഫോറിനോട് പറഞ്ഞു. തൃശ്ശൂര്‍ പിടിച്ചെടുത്തു, ഇനി പാലക്കാടും പിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ പാലക്കാട് ഡീലുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ ഇക്കാര്യം പുറത്തു പറഞ്ഞിട്ടുണ്ട്. ഷാഫി ജയിച്ചത് സിപിഐഎം വോട്ട് കൊണ്ട് എന്നാണ് സരിന്‍ പറഞ്ഞത്. ഇതേക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. ഇന്ത്യാ സഖ്യ മുന്നണി ധര്‍മ്മം ആകും ഇവര്‍ നടപ്പിലാക്കുന്നത് ഇത് രാഷ്ട്രീയ മര്യാദയാണോ എന്ന് ചിന്തിക്കണം – കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
പാലക്കാട് സംഘടനാ പ്രശ്‌നം ഉണ്ട് എന്നുള്ളത് മാധ്യമസൃഷ്ടിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഉള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശോഭ സുരേദ്രന്റെ പോസ്റ്റര്‍ കത്തിച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
Read Also: പാലക്കാട് കോണ്‍ഗ്രസിന് വീണ്ടും തലവേദന, പുറത്താക്കിയ എകെ ഷാനിബ് സ്വതന്ത്രനായി മത്സരിക്കും
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോണ്‍ഗ്രസും സിപിഎമ്മുമെന്ന് പറഞ്ഞ അദ്ദേഹം കെ മുരളീധരന്‍ ആയാലും ഏതു കോണ്‍ഗ്രസ് നേതാവായാലും വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് വ്യക്തമാക്കി. സിപിഐഎം നേതാക്കള്‍ക്കും കടന്നുവരാം. തങ്ങളുടെ നയങ്ങളോട് യോജിപ്പുണ്ടെങ്കില്‍ സ്വാഗതം – കൃഷ്ണദാസ് പറഞ്ഞു.
ബിജെപി കുടുംബാധിപത്യ വരുദ്ധ പോരാട്ടമാണ് വയനാട്ടില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാധിപത്യം വയനാട്ടിലും അരിയിട്ട് വാഴിക്കാന്‍ ശ്രമമെന്നും കുടുംബ മഹിമ നോക്കിയല്ല ബിജെപി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരുടെ പ്രതിനിധിയാണ് ബിജെപി സ്ഥാനാര്‍ഥി. പ്രിയങ്ക ഗാന്ധിക്ക് പറയാനുള്ളത് കുടുംബ പെരുമ മാത്രം. പ്രിയങ്ക ഗാന്ധിയെക്കാള്‍ മികവുറ്റ സ്ഥാനാര്‍ത്ഥിയാണ് നവ്യ. ഒരു നേതാവിന്റെയും പിന്‍ഗാമിയല്ല അവര്‍. നവ്യയുടെ പൊതുപ്രവര്‍ത്തന പാരമ്പര്യത്തിന്റെ നൂറിലൊന്ന് പ്രിയങ്ക ഗാന്ധിക്ക് അവകാശപ്പെടാമോ? പ്രിയങ്ക ഗാന്ധിക്ക് പൊതുപ്രവര്‍ത്തനത്തില്‍ ഒരു ത്യാഗവും പറയാനില്ല – അദ്ദേഹം വിശദമാക്കി.
Story Highlights : PK Krishnadas said there is election deal between CPIM – Congress in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here