ഗസയിലെ മാധ്യമപ്രവർത്തകർ ഭീകരവാദികളാണെന്ന ഇസ്രായേൽ അവകാശവാദങ്ങളെ അൽ ജസീറ അപലപിച്ചു

ഗസ മുനമ്പിൽ പ്രവർത്തിക്കുന്ന തങ്ങളുടെ മാധ്യമപ്രവർത്തകർക്കെതിരെ ഇസ്രായേൽ അധിനിവേശ സേന അടുത്തിടെ നടത്തിയ ആരോപണങ്ങളെ ഖത്തര്‍ ആസ്ഥാനമായുള്ള അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ശക്തമായി അപലപിച്ചു.
അല്‍ ജസീറയുടെ ആറ് മാധ്യമ പത്രപ്രവർത്തകർ ‘ഇസ്‌ലാമിക് ജിഹാദ് ഭീകര’രോ ഹമാസ് പ്രസ്ഥാനവുമായി ബന്ധമുള്ളവരോ ആണെന്നായിരുന്നു ഇസ്രായേലിന്റെ ആരോപണം.ഈ മാധ്യമപ്രവർത്തകരും ഹമാസും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ രേഖകളുണ്ടെന്നും സൈന്യം പരസ്യ പരാമർശം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം എക്സിലൂടെയാണ് ഇസ്രായേല്‍ സൈന്യം ആരോപണമുന്നയിച്ചത്. (Al Jazeera has condemned Israeli claims that journalists in Gaza are terrorists)
മാധ്യമപ്രവർത്തകരെ ഭീകരരായി ചിത്രീകരിക്കുന്ന ഇസ്രായേൽ അധിനിവേശ സേനയെ അൽ ജസീറ നിരാകരിക്കുകയും കെട്ടിച്ചമച്ച തെളിവുകൾ ഉപയോഗിക്കുന്നതിനെ അപലപിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ മാധ്യമപ്രവർത്തകർ
അവരുടെ പ്രൊഫഷണൽ ചുമതലകൾ നിറവേറ്റുന്നു. ഗസ്സ സ്ട്രിപ്പിലെ രണ്ട് ദശലക്ഷം സിവിലിയൻമാരിൽ യുദ്ധത്തിൻ്റെ വിനാശകരമായ ആഘാതം വെളിപ്പെടുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഈ ,മാധ്യമപ്രവർത്തകർ.. ഇത്തരം “കെട്ടുകഥകൾ” മേഖലയിൽ അവശേഷിക്കുന്ന കുറച്ച് മാധ്യമപ്രവർത്തകരെ കൂടി നിശബ്ദരാക്കാനുള്ള നഗ്നമായ ശ്രമമാണ്. ഇസ്രായേൽ നടപടികളുടെ ഫലമായുണ്ടാകുന്ന വംശഹത്യയും മാനുഷിക പ്രതിസന്ധിയും റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ നേരിടേണ്ടിവരുന്ന അപകടങ്ങളെയാണ് ഇത് അടിവരയിടുന്നത്,” അൽ ജസീറ വ്യക്തമാക്കി.
Read Also: അനധികൃത ഖനന കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍
ഗസയിൽ ഗുരുതരമായി പരിക്കേറ്റ ക്യാമറാ ഓപ്പറേറ്റർമാരായ ഫാദി അൽ-വാഹിദി, അലി അൽ-അത്തർ എന്നിവരുടെ മെഡിക്കൽ ഇവാകുവേഷൻ അഭ്യർത്ഥനകൾ ഇസ്രായേൽ നിരസിച്ചതിനെ അൽ ജസീറ ശക്തമായി അപലപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ ആരോപണം.
ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം, ഗസ മുനമ്പിൽ കുറഞ്ഞത് 128 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (CPJ) സ്ഥിരീകരിച്ചു. ഗസയിലെ സർക്കാർ മീഡിയ ഓഫീസ് കണക്കനുസരിച്ച്, 177 മാധ്യമ പ്രവർത്തകരാണ് ഇതുവരെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
Story Highlights : Al Jazeera has condemned Israeli claims that journalists in Gaza are terrorists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here