പിഴവുകളില്‍ തോല്‍വി ഇരന്നുവാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്; രണ്ട് പിഴവുകള്‍ വരുത്തിയത് ഗോള്‍ കീപ്പര്‍

ആരാധകരെ ത്രസിപ്പിക്കുന്ന നീക്കങ്ങളിലും പന്ത് കൈവശം വെക്കുന്നതിലും മുന്നിട്ട് നിന്നിട്ടും പ്രതിരോധത്തില്‍ വരുത്തിയ മൂന്ന് പിഴവുകളില്‍ ബംഗളുരു മൂന്ന് തവണ സ്‌കോര്‍ ചെയ്തപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ നാണംകെട്ട തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബംഗളുരു കേരളത്തിന്റെ കൊമ്പൊടിച്ചത്. ബംഗളുരുവിനായി എഡ്ഗര്‍ മെന്‍ഡെസ് ഇരട്ട ഗോളുകള്‍ നേടി. ഹോര്‍ഹ പെരേര ഡിയാസിന്റെ വകയായിരുന്നു ബംഗളുരുവിന്റെ ആദ്യ ഗോള്‍. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ ആദ്യപകുതിയുടെ അവസാനനിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ജീസസ് ജിമെനെസിന്റെ വകയായിരുന്നു.
മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ കേരളത്തിന്റെ പകുതിയില്‍ ആദ്യപിഴവ് മുതലെടുത്ത, മുന്‍ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന അര്‍ജന്റീനക്കാരന്‍ ഹോര്‍ഹ പെരേര ഡയസിലൂടെ ബംഗളുരു മുന്നിലെത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ച പ്രീതം കോട്ടാലിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ബ്ലാസ്റ്റേഴ്സ് കീപ്പര്‍ സോംകുമാല്‍ നല്‍കിയ പന്ത് അപകടം മനസിലാക്കി ക്ലിയര്‍ ചെയ്യാതെ വെച്ചു താമസിപ്പിച്ചതിന് നല്‍കിയ വില കൂടിയായിരുന്നു ആ ഗോള്‍. ഓടിയെത്തിയ ഡയസിനെ വെട്ടിച്ചുകയറാന്‍ ശ്രമിച്ച കോട്ടാലില്‍ നിന്നും പന്ത് റാഞ്ചിയ താരം സോം കുമാറിന്റെ തലക്ക് മുകളിലൂടെ പന്ത് വലക്കുള്ളിലേക്ക് കോരിയിടുകയായിരുന്നു. സ്‌കോര്‍ 1-0.
Read Also: “രാം ലല്ലയെ തൊഴുതുവണങ്ങി, ജയ് ശ്രീറാം”; അയോദ്ധ്യ രാമക്ഷേത്ര ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി
ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്സിന്റെ സര്‍വ്വതും മറന്നുള്ള ആക്രമണങ്ങളാണ് പിന്നീട് കണ്ടത്. ആദ്യപകുതിയില്‍ സിംഹഭാഗവും പന്ത് കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ വീണ ഗോള്‍ മടക്കിയ ബ്ലാസ്‌റ്റേഴ്‌സ് എണ്ണം പറഞ്ഞ അവസരങ്ങളാണ് ബംഗളുരു ഗോള്‍ പോസ്റ്റിന് മുമ്പില്‍ സൃഷ്ടിച്ചെടുത്തത്. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ജീസസ് ജിമെനെസിന്റെ പെനാല്‍റ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. പന്തുമായി ബെംഗളൂരു ബോക്സിലേക്ക് കയറിയ ക്വാമി പെപ്രയെ രാഹുല്‍ ഭേകെ പിന്നില്‍ നിന്ന് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. സ്‌കോര്‍ 1-1
ആവേശമേറ്റിയ ഒന്നാം പകുതിക്ക് ശേഷവും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തിയില്ല. അഡ്രിയാന്‍ ലൂന, ക്വാമെ പെപ്ര, ജീസസ് ജിമിനസ് എന്നിവര്‍ കനപ്പെട്ട നീക്കങ്ങളുമായി കളം നിറയുകയായിരുന്നു. വിജയ ഗോളിനായി കേരളം ശ്രമിക്കുന്നതിനിടെയാണ് കൊച്ചിയിലെ തിങ്ങിനിറഞ്ഞ ഗ്യാലറിയെ നിശബ്ദമാക്കി 74-ാം മിനിറ്റില്‍ ബംഗളുരുവിന്റെ വിജയഗോള്‍ പിറന്നത്. ഗോള്‍കീപ്പര്‍ സോം കുമാറിന്റെ പിഴവില്‍ നിന്ന് പെരെര ഡയസിന് പകരക്കാരനായി ഇറങ്ങിയ എഡ്ഗാര്‍ മെന്‍ഡസിന്റെ വകയായിരുന്നു ഗോള്‍. ആല്‍ബര്‍ട്ടോ നൊഗ്വേരയുടെ ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയ ഫ്രീകിക്ക് വരുതിയിലാക്കാനുള്ള ശ്രമത്തില്‍ പന്തില്‍ പിടുത്തമിട്ടെങ്കിലും കൈകളില്‍ നിന്ന് വഴുതിപോയി. ബോക്‌സനുള്ളില്‍ വീണ പന്ത് ശ്രമപ്പെട്ട ഒരു കിക്കിലൂടെ എഡ്ഗര്‍ മെന്‍ഡെസ് വലയിലാക്കി.
Read Also: തോല്‍വി മുന്നില്‍ക്കണ്ട് ഇന്ത്യ, തോറ്റാല്‍ പരമ്പര നഷ്ടം; ന്യൂസിലന്‍ഡ് ലീഡ് 300 റൺസ് കടന്നു
നിനച്ചിരിക്കാതെ, അധികം പണിപ്പെടാതെ ബംഗളുരു വിജയഗോള്‍ നേടിയതോടെ മുന വെച്ച നീക്കങ്ങള്‍ക്കാണ് കലൂരിലെ സ്റ്റേഡിയം സാക്ഷിയായത്. ഒന്നിനുപിറകെ ഒന്നായി ആക്രമണങ്ങള്‍, മികച്ച മുന്നേറ്റങ്ങള്‍. പെപ്രയുടെ നിരവധി ഷോട്ടുകള്‍ ബംഗളുരു കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ദു നിഷ്പ്രഭമാക്കി. കേരളം സമനില ഗോളിനായി കിണഞ്ഞ് ശ്രമിക്കവെ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ലഭിച്ച ലോങ് ബോള്‍ അനായാസം വലയിലെത്തിച്ച് മെന്‍ഡസ് ബെംഗളൂരുവിന്റെ വിജയം ഊട്ടി ഉറപ്പിച്ചു. ബോക്‌സ് വിട്ട് പുറത്ത് നിന്ന കേരള കീപ്പര്‍ സോംകുമാര്‍ മെന്‍ഡസിനെ തടയാന്‍ ഒരു ശ്രമം നടത്തിയെങ്കിലും സുന്ദരമായി പന്ത് ഗോള്‍വര കടത്തി. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ മുന്നേറുന്ന ബംഗളുരു 16 പോയിന്റുമായി പട്ടികയില്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് എട്ട് പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഇറങ്ങി.
Story Highlights: Kerala Blasters vs Bengaluru FC in ISL tournament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here