Advertisement

‘KUWJയോട് പരമപുച്ഛം, മാപ്പ് മടക്കി പോക്കറ്റിലിട്ടോ, പട്ടി പരാമർശത്തിൽ ഉറച്ച് നിൽക്കും’; എൻഎൻ കൃഷ്ണദാസ്

October 26, 2024
Google News 1 minute Read

മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പട്ടി പരാമര്‍ശത്തിൽ ഉറച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. KUWJയോട് പരമപുച്ഛം, മാപ്പ് മടക്കി പോക്കറ്റിലിട്ടോ, പട്ടി പരാമർശത്തിൽ ഉറച്ച് നിൽക്കും.

ഇറച്ചിക്കടയിൽ കാത്തു നില്‍ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശത്തിൽ ഉറച്ചുനില്‍ക്കുകയാണെന്ന് എൻഎൻ കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണ്.

അബ്ദുള്‍ ഷുക്കൂറിന്‍റെ പിണക്കം പാര്‍ട്ടി പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാൽ, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.

തന്‍റെ ഉറച്ച ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. അബദ്ധത്തിൽ പറഞ്ഞതല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്.

മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. ഷുക്കൂറുമായുള്ള ചെറിയ പ്രശ്നത്തിൽ നേട്ടം കണ്ടെത്താൻ ശ്രമിച്ച കോണ്‍ഗ്രസിനെയും ബിജെപിയെയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു പരാമര്‍ശമെന്നും എൻഎൻ കൃഷ്ണദാസ് പറ‍ഞ്ഞു.

വിമർശനങ്ങളെ ഞാൻ മൈൻഡ് ചെയ്യുന്നില്ല. മാധ്യമപ്രവർത്തകർ പട്ടികളെന്ന് ഞാൻ പേരെടുത്ത് പറഞ്ഞിട്ടില്ല. ഒന്നും വ്യക്തിപരമല്ലെന്നും പട്ടികളെന്ന് നിങ്ങൾക്ക് തോന്നിയാൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

നിങ്ങളെന്തിനാണ് ഷുക്കൂറിന്റെ വീട്ടിൽ പോയതെന്നും സിപിഐഎമ്മുകാരന്‍റെ വീട്ടിൽ അങ്ങനെ എല്ലാർക്കും പോകാൻ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഷുക്കൂറിനെ ഞങ്ങളിൽ നിന്ന് അടർത്തിക്കൊണ്ട് പോകാൻ വന്നവരെയാണ് ഞാൻ പട്ടികളോട് ഉപമിച്ചത് എന്നും കൃഷ്ണദാസ് പറഞ്ഞു.

പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇന്നലെ വൈകിട്ട് എൻഎൻ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഷുക്കൂറുമായി പുറത്തിറങ്ങിയ എൻഎൻ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം.

Story Highlights : N N Krishnadas about controversy statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here