ടി വി പ്രശാന്തനെ സസ്‌പെൻഡ് ചെയ്തു; ഉത്തരവിറക്കി ആരോഗ്യവകുപ്പ്
എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ സസ്‌പെൻഡ് ചെയ്ത ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. അവധിയിലായിരുന്ന പ്രശാന്തൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി. പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് നിലവിലെ സസ്പെൻഷൻ. സർക്കാർ ജീവനക്കാരനായിരിക്കെ ഇയാൾ സ്വകാര്യ ബിസിനസ്സ് സംരംഭത്തിൽ ഏർപ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
2019ൽ സർക്കാർ ആശുപത്രി ഏറ്റെടുക്കുന്ന ഘട്ടം മുതൽ സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ പട്ടികയിൽ ടിവി പ്രശാന്തൻ ഉൾപ്പെട്ടിരുന്നു. ആ സമയത്താണ് എഡിഎമ്മുമായി ബന്ധപ്പെട്ട കേസ് ഉയർന്നു വന്നത്. ഒക്ടോബർ പത്ത് മുതൽ ഇയാൾ ആശുപത്രിയിലെ സേവനത്തിൽ നിന്നും വിട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്. അഡിഷണൽ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് ടിവി പ്രശാന്തൻ അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കണ്ടെത്തിയത്. മാത്രവുമല്ല കൈക്കൂലി നൽകിയെന്ന് പരസ്യമായി പ്രഖ്യാപിച്ചതും ഇയാൾക്കെതിരെ കടുത്ത നടപടിക്ക് അന്വേഷണസംഘം ശുപാർശ ചെയ്തിരുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ അന്വേഷണം നടന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ടി വി പ്രശാന്തന്, അന്വേഷണ സംഘത്തിന് മുന്നിലെത്താൻ എൻ ജി ഒ യൂണിയൻ ഭാരവാഹികൾ പ്രത്യേക വഴിയൊരുക്കിയിരുന്നു.
എഡിഎമ്മിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ്ജാണ് ഉത്തരവിട്ടത്.നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാണ് പ്രശാന്തൻ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
എന്നാൽ സംഭവത്തിൽ പ്രശാന്തനോട് കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടിയിരുന്നു. സർക്കാർ ജീവനക്കാരനായ പ്രശാന്ത് പെട്രോൾ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എൻജിഒ അസോസിയേഷൻ പരാതി നൽകിയിരുന്നു. കൈക്കൂലി നൽകുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എൻജിഒ അസോസിയേഷൻ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Story Highlights : TV prashanth suspended in pariyaram medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here