ഹോട്ടലുകള്‍ക്കും വ്യാജ ബോംബ് ഭീഷണി, 3 സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകള്‍ക്ക് സന്ദേശം
വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും വ്യാജ ബോംബ് ഭീഷണി. മൂന്ന് സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകള്‍ക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനകളില്‍ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.
പത്ത് ദിവസത്തിനകം മുന്നൂറോളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശുഭം ഉപാധ്യായ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചത് എന്നാണ് വ്യക്തമാക്കിയത്. രണ്ട് വ്യാജ ഭീഷണി സന്ദേശമാണ് ഇയാള്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളിലായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണികളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഇതില്‍ ശ്രദ്ധപിടിച്ചുപറ്റാനാണ് താന്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്നാണ് പ്രതി ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു.
വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളില്‍ ഐടി മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. മെറ്റയും, എക്‌സും അന്വേഷണത്തിന് സഹായിക്കണമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കുന്നു.
Story Highlights : After flights, bomb threats now target 23 hotels in 3 states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here