‘ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് കോൺഗ്രസ് രീതി, കത്ത് വിവാദം അന്വേഷിക്കും’; കെ സുധാകരൻ

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കത്ത് പുറത്ത് വന്നത് ഗൗരവതരം. സ്ഥാനാർത്ഥി വിഷയത്തിൽ കോൺഗ്രസിൽ ഒരു തർക്കവും ഇല്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാൽ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് കോൺഗ്രസ് രീതി.
പാലക്കാട് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന ഡിസിസി പ്രസിഡന്‍റിന്‍റെ കത്താണ് പുറത്ത് വന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് എഐസിസി നേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവന്നത്. ഇതിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയം തടയുക എന്ന ലക്ഷ്യമാണ് കത്ത് പുറത്തുവിട്ടതിനു പിന്നിലെന്നാണ് നേതൃത്വത്തിന്‍റെ സംശയം. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും അടങ്ങുന്ന കോക്കസ് ആണ് പ്രവർത്തിച്ചതെന്ന് നേരത്തെ കോൺഗ്രസ് വിട്ട പി സരിനും എ കെ ഷാനിബും ആരോപിച്ചിരുന്നു.
എന്നാല്‍, ലെറ്റർ ബോംബ് നിർവീര്യമായെന്നും കത്ത് പുറത്ത് വന്നത് തന്‍റെ വിജയം തടയില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞത്. കെ മുരളീധരൻ കേരളത്തിൽ എവിടെയും നിർത്താവുന്ന മികച്ച സ്ഥാനാർത്ഥിയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പോരെന്ന് കത്തിൽ പറയുന്നില്ല. കത്ത് കൊടുത്ത ഡിസിസി പ്രസിഡണ്ട് തന്നോടൊപ്പം പ്രചാരണത്തിൽ സജീവമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
രാഹുൽ ജയിക്കാൻ പോകുന്നില്ല എന്ന യുഡിഎഫിന്റെ കുറ്റസമ്മതമാണ് ഡിസിസി പ്രസിഡന്റിന്റെ കത്ത് എന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിൻ പ്രതികരിച്ചിട്ടുണ്ട്. ഇനിയും പുറത്തു വരാൻ പലതും ഉണ്ടെന്നും ഇലക്ഷന് മുമ്പേ യുഡിഎഫ് തോൽവി സമ്മതിച്ചുവെന്നും സരിൻ പറഞ്ഞു. തോൽക്കാൻ നിർത്തിയ ഒരു സ്ഥാനാർത്ഥിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും സരിൻ ചോദിച്ചു.
Story Highlights : K Sudhakaran on DCC Letter Palakkad Bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here