‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി സ്റ്റാലിൻ

നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന് ആശംസകളുമായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വിജയ് തന്റെ സുഹൃത്ത്, പുതിയ പാർട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ആർക്ക് വേണമെങ്കിലും പാർട്ടിയുണ്ടാക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പല പാർട്ടികളും വന്നുപോകുന്നുണ്ട്. ജനങ്ങളാണ് ഏത് പാർട്ടിയെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഇന്ന് നാല് മണിക്കാണ് തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം. വിഴുപ്പുറത്തെ വിക്രവണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Read Also: നയം വ്യക്തമാക്കാന്‍ വിജയ്, തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്
പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്‌നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്. വിജയുടെ രാഷ്ട്രീയ പ്രവേശത്തിന് ആശംസകളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്.
അതേസമയം , ടിവികെയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനം അപകടത്തിൽപ്പെട്ടു. ഉളുന്തൂർപെട്ടിൽ വച്ച് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ത്രിച്ചിയിൽ നിന്ന് വന്ന പ്രവർത്തകരാണ് മരിച്ചത്. കൂടാതെ സമ്മേളനത്തിനെത്തിയ ഒരാൾ നിർജലീകരണത്തെ തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. ഇയാളെ പ്രാഥമിക ചികിത്സ നൽകാനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരാധകരുടെ വൻ പ്രവാഹം സമ്മേളന വേദിയിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. അടുത്ത മേഖലകളിലെ നാൽപ്പതിലധികം ഹോട്ടലുകളിൽ 20 ദിവസം മുൻപു തന്നെ മുറികളെല്ലാം ബുക്ക് ചെയ്തിരുന്നു. മദ്യപിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്നു പാർട്ടി നേരത്തെ അറിയിച്ചിരുന്നു.
Story Highlights : Udayanidhi Stalin wishing vijay new party TVK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here