പൊലീസ് കേസെടുക്കാൻ സോഷ്യൽ മീഡിയയിൽ വൈറലാവണോ? സഹോദരന്റെ മരണത്തിൽ നീതി തേടി അതിഥി തൊഴിലാളി; 24 EXCLUSIVE
സഹോദരന്റെ മരണത്തിൽ നീതി തേടി അതിഥി തൊഴിലാളി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയത് മൂന്നുമാസം. തിരുവനന്തപുരം പേട്ട പൊലീസിന്റെ ഭാഗത്തുനിന്നാണ് ഗുരുതര അനാസ്ഥ ഉണ്ടായത്. അസം സ്വദേശിയായ അനാറുൽ ഇസ്ലാമിന്റെ കരഞ്ഞുകൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് മൊഴി രേഖപ്പെടുത്താൻ വിളിപ്പിക്കുകയായിരുന്നു, ട്വന്റി ഫോർ എക്‌സ്‌ക്ലൂസിവ്. സഹോദരൻ ആലം അലിയെ കൊലപ്പെടുത്തിയതാണെന്നും അനാറുൽ ഇസ്ലാം ട്വന്റി ഫോറിനോട് പറഞ്ഞു.
എന്നാൽ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപം ആലം അലി ട്രെയിനിടിച്ചു മരിച്ചതെന്ന് പൊലീസ് ഉറപ്പിച്ചുപറയുകയാണ്. സഹോദരൻ ജോലിചെയ്തിരുന്ന സ്ഥലത്തെ കടയുടമ മർദ്ധിച്ചതായും മരിക്കുന്നതിന് തൊട്ട് മുൻപ് തന്നോട് ഫോണിൽ സംസാരിച്ച് റെയിൽവെ സ്റ്റേഷനിലേക്ക് റോഡിലൂടെ നടന്നു പോയ സഹോദരൻ എങ്ങനെ ട്രെയിൻ തട്ടി മരിക്കുമെന്നുമാണ് അനാറുലിന്റെ ചോദ്യം. സഹോദരനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ചില ശബ്ദങ്ങൾ കേട്ടെന്നും പിന്നീട് താൻ അറിയുന്നത് സഹോദരന്റെ മരണവാർത്തയാണെന്നും അനാറുൽ ഇസ്ലാം വ്യക്തമാക്കി.
Read Also: ‘വിജയ് ബിജെപിയുടെ ‘സി’ ടീം മെന്ന് ഡിഎംകെ’; ഗംഭീര തുടക്കമെന്ന് BJP സഖ്യകക്ഷികൾ
കടയിൽ ഷവർമ എക്സ്പെർട്ടായി ജോലിചെയ്തിരുന്നയാളായിരുന്നു ആലം അലി. കടയുടമ ടേബിൾ കൂടി വൃത്തിയാക്കാൻ ആലമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിഷേധിച്ച ആലമിനെ കടയുടമ മർദിക്കുകയായിരുന്നു. റൂമിൽ നിന്ന് ബാഗെടുത്ത് സഹോദരന്റെ അടുത്തേക്ക് പോകാൻ കടയുടമ അനുവദിച്ചിരുന്നില്ലെന്നും ആലം പറഞ്ഞിരുന്നു. മരിക്കും മുൻപ് ആലം അലി ജോലി ചെയ്തിരുന്ന ഹോട്ടൽ ഉടമയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.അന്നും പൊലീസ് സ്വീകരിച്ചത് നിസംഗ സമീപനമായിരുന്നു. സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഫോൺ കൊൾ രേഖകളും പരിശോധിച്ച് വ്യക്തത വരുത്തണമെന്നാണ് സഹോദരന്‍റെ ആവശ്യം.ആലം അലിയെ കൊച്ചുവേളിയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മൂന്നുമാസം മുൻപാണ്. പൊലീസ് എടുത്ത എഫ്ഐആറിൽ ട്രെയിൻ തട്ടി മരിച്ചെന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Story Highlights : Guest worker seeks justice in brother’s death 24EXCLUSIVE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here