തെലങ്കാനയിൽ മയോണൈസ് നിരോധിച്ചു; നടപടി ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ

തെലങ്കാനയിൽ മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് മുട്ട അടങ്ങിയ മയോന്നൈസ് നിരോധിച്ചിരിക്കുന്നത്.
മയോണൈസ് ഉൽപാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ഹൈദരാബാദിൽ നിന്നും മോമോസ് കഴിച്ച ഒരാൾ മരിക്കുകയും 15 പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി.
Read Also: പഴകിയ മോമോ കഴിച്ച് 33കാരി മരിച്ചു; 15 പേർ ആശുപത്രിയിൽ
ഹൈദരാബാദിലെ വഴിയോരക്കടയിൽ നിന്ന് പഴകിയ മോമോ കഴിച്ച് 33കാരിയാണ് മരിച്ചത്. രേഷ്മ ബീഗവും പെൺമക്കളും വെള്ളിയാഴ്ചയാണ് ഖൈരതാബാദിലെ ഒരു തെരുവ് കച്ചവടക്കാരൻ്റെ കടയിൽ നിന്ന് മോമോസ് കഴിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഞായറാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു, മക്കൾ രണ്ടുപേരും ചികിത്സയിലാണ്. ദിവസങ്ങൾക്ക് മുമ്പ് ഷവർമ ഔട്ട്‌ലെറ്റിൽ സമാനമായ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാനത്ത് ഉടനീളം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തയിയിരുന്നു.
Story Highlights : Telangana bans mayonnaise for one year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here