കൊടകര കുഴൽപ്പണ കേസ്; ‘പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടത്’; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ. കേസ് അന്വേഷണത്തിൽ അപാകതകൾ ഇല്ലാത്തതിനാൽ തുടരന്വേഷണം നടത്തിയാൽ മതിയാകുമെന്ന് അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു.
അന്വേഷണസംഘം ആവശ്യപ്പെട്ടാൽ കോടതിയുടെ അനുമതി തേടുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുന്നതിന് തടസങ്ങൾ ഇല്ല. കുഴൽപ്പണം സംബന്ധിച്ച കേസ് അന്വേഷിക്കേണ്ടത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണെന്ന് അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു. പണം തട്ടിയെടുത്ത കേസിൽ മാത്രമാണ് പോലീസിന് തുടരന്വേഷണം സാധ്യമാവുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക സംഘം തിരൂർ സതീശിന്റെ മൊഴിയെടുക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് മേൽനോട്ട ചുമതല. മൊഴിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. കേസിലെ അന്വേഷണം കർണാടകയിലേക്കും അന്വേഷണം നീളും. തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
അന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണ കോടതിയെ അറിയിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പൊലീസ് അന്വേഷണത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു.
Story Highlights : Special Public Prosecutor Adv. NK Unnikrishnan responds on Kodakara Hawala case reinvestigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here