നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടെ മരിച്ചു

കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടെ മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 100 പേർക്കാണ് വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റത്. ഇതിൽ 32 പേർ ഐസിയുവിൽ തുടരുകയാണ്.
ഇന്നലെ ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് സന്ധ്യയോടെയാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. സന്ദീപിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയിലിരിക്കെയാണ് മരിച്ചത്.
Read Also: നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് കമ്പപ്പുര തീഗോളമായി മാറിയത്.
Story Highlights : Man died who injured in Kasaragod Nileshwaram firecracker blast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here