Advertisement

‘പരസ്പരം മത്സരിക്കുന്നത് കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ, മനുഷ്യർ ഇത്ര ചെറുതായിപ്പോയോ?’; മന്ത്രി എം ബി രാജേഷ്

November 3, 2024
Google News 2 minutes Read
rajeesh

വിവാഹ വേദിയിൽ വോട്ടുചോദിക്കാനെത്തിയ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ പി സരിനെ അഭിവാദ്യം ചെയ്യാത്തതിനെ വിമർശിച്ച് മന്ത്രി എംബി രാജേഷിൻറെ ഫേസ്ബുക്ക് പോസ്റ്റ്. എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം പുറത്ത് ചാടുമെന്നും, പരസ്പരം മത്സരിക്കുന്നത് കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? മനുഷ്യർ ഇത്ര ചെറുതായിപ്പോയൊ എന്നുമായിരുന്നു മന്ത്രി കുറിപ്പിൽ പങ്കുവെച്ചത്.

Read Also: ഷാഫി ഞാനിവിടെ ഉണ്ട്… രാഹുലേ കൈ തന്നിട്ട് പോ; സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും

എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. ഡോ. സരിൻ തന്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് വിഷ് ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയതെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ?

എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും. ഇന്ന് കല്യാണവീട്ടിൽ വെച്ച് പാലക്കാടെ യുഡിഎഫ് സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ സ്പോൺസർ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്.


പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരിൽ നിന്നുണ്ടായത്. എനിക്കെതിരെ ആദ്യം മത്സരിച്ചത് ശ്രീ. സതീശൻ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. ശ്രീ. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയിൽ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല. ശ്രീ. വി കെ ശ്രീകണ്ഠനോട് 2019 ൽ ഞാൻ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാൾ അതുവഴി പോകുമ്പോൾ ശ്രീകണ്ഠൻ എന്റെ വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയിൽ ശ്രീ. വി ടി ബൽറാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങൾ മുതിർന്നിട്ടില്ല.

എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. ഡോ. സരിൻ തന്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് wish ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയുടെയും സ്പോൺസറുടെയും പെരുമാറ്റം ജനം അളക്കും.

അതേസമയം, വിവാഹമണ്ഡപത്തിൽ വെച്ച് മുഖാമുഖം കണ്ടിട്ടും പി സരിന് ഷാഫി പറമ്പിലും രാഹുലും കൈ കൊടുക്കാത്തത് ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്. പാലക്കാട് ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് സരിനും കൈ കൊടുക്കാൻ പ്രയാസമുണ്ടെന്ന് രാഹുലും പറഞ്ഞു. വിഷയം ഇരു പാർട്ടികളിലെ നേതാക്കളും ഏറ്റെടുത്തിരിക്കുകയാണ്.

രാഹുലും ഷാഫിയും പരമാവധി സമയം പുറത്ത് ചെലവഴിച്ചാണ് മണ്ഡപത്തിലേക്ക് കയറിയത്. പിന്നീടാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സരിനൊപ്പം മുൻ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥും ഉണ്ടായിരുന്നു. ഗോപിനാഥനെ കണ്ടതും ഷാഫിയും രാഹുലും സംസാരം തുടങ്ങി. മാറി നിന്ന സരിൻ ഷാഫിയെ തട്ടി വിളിക്കുകയും കൈ കൊടുക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

Story Highlights : Minister MB Rajeesh critizes Rahul Mamkootathil and Shafi parambhil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here