ക്ഷയരോഗബാധ 18 ശതമാനത്തോളം കുറയ്ക്കാനായത് ഇന്ത്യയുടെ വലിയ നേട്ടം; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ക്ഷയരോഗബാധ 18 ശതമാനം കുറയ്ക്കാനിടയാക്കിയ നടപടികള്‍ക്കാണ് ഡബ്ല്യു എച്ച് ഒ-യുടെ അഭിനന്ദനം. (Tuberculosis cases dip 18% WHO pats India)
ക്ഷയരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ അനുവര്‍ത്തിച്ച മാര്‍ഗങ്ങളെയാണ് ലോകാരോഗ്യ സംഘടന അഭിനന്ദിച്ചത്. 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ക്ഷയരോഗബാധ 18 ശതമാനം കുറയ്ക്കാന്‍ ഇന്ത്യയ്ക്കായെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. ആഗോള തലത്തില്‍ ഇക്കാലയളവില്‍ ക്ഷയരോഗബാധ എട്ടു ശതമാനം മാത്രമേ കുറയ്ക്കാനായിട്ടുള്ളു.
ഇന്ത്യയുടെ വികേന്ദ്രീകൃത ആരോഗ്യപരിപാലന സംവിധാനവും ടി ബി പ്രോഗ്രാമിനായി വലിയൊരു തുക വകയിരുത്തിയതുമാണ് ക്ഷയരോഗബാധയില്‍ കുറവു വരുത്താന്‍ ഇടയാക്കിയതെന്ന് ഡബ്ല്യു എച്ച് ഒ പറയുന്നു. പുതിയ ചികിത്സാരീതികളും കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തുന്ന രോഗനിര്‍ണയസംവിധാനങ്ങളും ക്ഷയരോഗത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഉപയോഗപ്പെടുത്തിയിരുന്നു. 2015-ല്‍ 640 കോടി രൂപയായിരുന്നു സര്‍ക്കാരിന്റെ ക്ഷയരോഗ ബജറ്റെങ്കില്‍ 2022-23 കാലയളവില്‍ 3400 കോടിയായി അത് വര്‍ധിപ്പിച്ചിരുന്നു.
2015-ല്‍ ഒരു ലക്ഷം പേരില്‍ 237 പേര്‍ക്കാണ് ഇന്ത്യയില്‍ ക്ഷയരോഗം ഉണ്ടായിരുന്നതെങ്കില്‍ 2023-ല്‍ അത് ഒരു ലക്ഷത്തില്‍ 195 പേരായി മാറിയിരിക്കുന്നു. മൊത്തം 19 ലക്ഷം ക്ഷയരോഗബാധിതരാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ 1.7 ലക്ഷത്തിലധികം വരുന്ന ആയുഷ്മാന്‍ ആരോഗ്യമന്ദിറുകളിലൂടെ ക്ഷയരോഗ നിര്‍ണയം സാധ്യമാക്കിയതാണ് ഈ നേട്ടത്തിന് ആധാരമായതെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ക്ഷയരോഗബാധിതരുടെ മരണനിരക്കില്‍ 21 ശതമാനം കുറവും രേഖപ്പെടുത്തി. കഴിഞ്ഞ സെപ്തംബറില്‍ മള്‍ട്ടിഡ്രഗ് റസിസ്റ്റന്റ് ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജന പദ്ധതിയ്ക്കു കീഴില്‍ ബി പി എ എല്‍ എം എന്ന പുതിയൊരു ചികിത്സാരീതിയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
Story Highlights : Tuberculosis cases dip 18% WHO pats India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here