Advertisement

കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ 148 ശതമാനം വർധന; ലക്ഷ്യമിടുന്നത് സ്ത്രീകളെ; നഷ്ടമായത് 635 കോടി രൂപ

November 4, 2024
Google News 2 minutes Read

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ 148 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഐടി വിദഗ്ധരും ഡോക്ടർമാരും അടക്കമുള്ള അഭ്യസ്തവിദ്യരായവർ പോലും കേരളത്തിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ ഏറെയും. സ്ത്രീകളെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.

കേരളത്തിൽ നിന്ന് 2022ൽ 9619 കേസുകളാണ് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെങ്കിൽ 2023-ൽ 23,748 കേസുകളായി ഉയർന്നു. ഈ വർഷം പകുതിയോടെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം 31,019 ആയി ഉയർന്നു. ഓൺലൈൻ തട്ടിപ്പുകളിലൂടെ മാത്രം 635 കോടി രൂപയാണ് ഈ വർഷം സംസ്ഥാനത്ത് നഷ്ടമായത്. ഇതിൽ തിരിച്ച് പിടിക്കാനായത് 88 കോടി രൂപ മാത്രം.

സ്ത്രീകളെയാണ് കേരളത്തിൽ പൊതുവേ സൈബർ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ അറസ്റ്റെന്ന വ്യാജേനെ 211 തട്ടിപ്പുകളും 1002 സൈബർ തൊഴിൽ തട്ടിപ്പുകളും കേരളത്തിലുണ്ടായി. സൈബർ തട്ടിപ്പിന് ഉപയോഗിച്ച 12,658 മൊബൈൽ സിം കാർഡുകൾ ഡീ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിച്ച 32,807 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇക്കാലയളവിൽ 18,200 വെബ്‌സൈറ്റുകളും 537 ഓൺലൈൻ വായ്പ ആപ്പുകളും 9067 സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് നിഷ്‌ക്രിയമാക്കുകയും ചെയ്തു. 30-40 വയസിനിടയ്ക്ക് പ്രായമുള്ള 981 പേരും 20-30 വയസ്സ് പ്രായമുള്ള 637 പേരും 60 വയസ്സിനുമേൽ പ്രായമുള്ള 426 പേരും തട്ടിപ്പിനിരയായി.

വർധിച്ചുവരുന്ന തട്ടിപ്പുകൾ തടയാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. കൊച്ചി സൈബർ ഡോമിൽ ഒരു ക്രിപ്‌റ്റോ കറൻസി അന്വേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള തട്ടിപ്പുകൾ തടയാൻ 355 ഓഫീസർമാരുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്.

Story Highlights : 148 percent increase in cyber crimes in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here