‘ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു, ശോഭയ്ക്ക് പങ്കുണ്ടെന്ന് ആരു പറഞ്ഞാലും വിശ്വസിക്കില്ല’; കെ.സുരേന്ദ്രൻ
ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്‍ കെ മാധ്യമങ്ങളോട് പറഞ്ഞു. ശോഭാ സുരേന്ദ്രനെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിടുകയാണ്. പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശോഭാ സുരേന്ദ്രന്റെ പേരു പറഞ്ഞ് ഒരാഴ്ച കുളം കലക്കിയവർക്ക് നിരാശയുണ്ടാകും. ബിജെപി നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ശ്രമം നടക്കില്ല. ശോഭാ സുരേന്ദ്രന് ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് ആരു പറഞ്ഞാലും വിശ്വസിക്കില്ലെന്നും അദ്ദേഹം
ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന എല്ലാ പ്രശ്നവും യുഡിഎഫും എൽഡിഎഫും ഉണ്ടാക്കിയതാണെന്നു സുരേന്ദ്രൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കാൻ യുഡിഎഫും എൽഡിഎഫും ഗൂഢാലോചന നടത്തുന്നു. അതിലേക്ക് ബിജെപി നേതാക്കളുടെ പേര് വഴിച്ചിഴയ്ക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കൊടകര കുഴൽപണം സംബന്ധിച്ച ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിനു പിന്നിൽ ശോഭ സുരേന്ദ്രന് പങ്കുണ്ടെന്നായിരുന്നു പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിക്കായി എത്തിച്ച മൂന്നരക്കോടി കൊടകരയിൽ കവർച്ച ചെയ്തെന്നാണ് കേസ്. ഇക്കാര്യത്തിൽ തുടരന്വേഷണം നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
അതിനിടെ പൂരം നടക്കുന്നതിനിടെ പ്രശ്നമുണ്ടായ സ്ഥലത്തേക്ക് ആംബുലൻസിൽ സഞ്ചരിച്ചതിന് സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനുള്ള നീക്കം സർക്കാരിന്റെ ഭീരുത്വമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അക്രമ സ്ഥലത്തേക്ക് പോകാന്‍ സ്ഥാനാർഥിക്ക് വിലക്കില്ല. ഇതു പരിഹാസ്യമായ നിലപാടാണ്. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടും. ബിജെപിയുടെ ശക്തി എന്താണെന്ന് പിണറായി വിജയന് മനസ്സിലായിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം 24 നെ വിലക്കിയ ശോഭാ സുരേന്ദ്രന്റെ നിലപാടിനോട് കെ സുരേന്ദ്രൻ വിയോജിപ്പ് പ്രകടിപ്പിച്ചു. ചാനലുകളെ വിലക്കിയത് ബിജെപിയുടെ നിലപാടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയം ശോഭാ സുരേന്ദ്രനോട് സംസാരിച്ച് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : K. Surendran support Shobha Surendran in Kodakara Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here