ഗുണ്ടാസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ടി-ഷര്‍ട്ടുകള്‍ വിപണിയില്‍: മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും വിവാദത്തില്‍
അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ ജനപ്രിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും വിപണിയില്‍ ഇറക്കി വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഈ ടി-ഷര്‍ട്ടുകള്‍ കുട്ടികളുടെ ഉള്ളില്‍ ഗുണ്ടാനേതാക്കളോടുള്ള പ്രിയം കൂട്ടുമെന്നുള്ള ആശങ്കയും ഉയര്‍ന്നു വരുന്നുണ്ട്. ‘ഗ്യാങ്സ്റ്റര്‍’, ‘ഹീറോ’ തുടങ്ങിയ എഴുത്തുകളോടുകൂടിയുള്ള ഈ ടി-ഷര്‍ട്ടുകള്‍ തുച്ഛമായ വിലയിലാണ് ലഭ്യമാകുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിക്കുകയും സമൂഹത്തില്‍ ഈ വ്യക്തികള്‍ക്ക് ആരാധകരെ സൃഷ്ടിച്ചു കൊടുക്കുകയും ചെയ്യുന്നു.
ചലച്ചിത്ര നിര്‍മ്മാതാവും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ അലിഷാന്‍ ജാഫ്രിയാണ് ഈ വിഷയം ആദ്യമായി സമൂഹ മാധ്യമങ്ങളില്‍ ഉന്നയിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകള്‍ കുപ്രസിദ്ധ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം ഉള്‍ക്കൊള്ളുന്ന ടി-ഷര്‍ട്ടുകള്‍ വില്‍ക്കുന്നതായി അദ്ദേഹം പങ്കുവച്ചു. ഗുണ്ടാ സംസ്‌കാരത്തെ മഹത്വവല്‍ക്കരിക്കുന്ന അപകടകരമായ പ്രവണതയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം ഉല്‍പ്പന്നങ്ങള്‍ ദേശീയ തലത്തിലുള്ള ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമുകളില്‍ വിപണിയിലുള്ളത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സംഭവം ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.
Story Highlights : Lawrence Bishnoi T-Shirts Up For Sale On Flipkart, Meesho
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here