വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് മാത്രം സഞ്ചരിച്ച രാഷ്ട്രീയക്കാരൻ; എന്നിട്ടും അമേരിക്കൻ ജനത ട്രംപിനെ അധികാര കസേരയേൽപ്പിച്ചു
വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് മാത്രം സഞ്ചരിച്ച രാഷ്ട്രീയക്കാരനാണ് ഡൊണൾഡ് ട്രംപ്. ലോകത്തെ നിയന്ത്രിക്കുന്ന ഒന്നാം നമ്പർ രാജ്യത്തിന്റെ തലവനായിട്ടും ആ ശീലം മാറിയില്ല. ട്രംപ് ഓർഗനൈസേഷൻ എന്ന ബിസിനസ് സാമ്രാജ്യത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തിയ നേതാവ്. എൻബിസി ചാനൽ റിയാലിറ്റി ഷോ അവതിരിപ്പിച്ച് നേടിയ ജനകീയത രാഷ്ട്രീയത്തിലിറങ്ങാൻ ട്രംപിനെ പ്രേരിപ്പിച്ചു. ആസൂത്രിതമായ ക്യാമ്പയിൻ മികവിലൂടെ 2016-ൽ അമേരിക്കയുടെ അമരക്കാരനായി.
സംഭവ ബഹുലമായിരുന്നു ട്രംപിന്റെ ഭരണകാലം. കാലാവസ്ഥ കരാറുകളിൽ നിന്ന് പിൻമാറി. ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ചൈനയുമായി വ്യാപാര യുദ്ധം. കുടിയേറ്റ വിലക്ക് കർശനമാക്കി. എതിരാളികളെ വ്യക്തിഹത്യ നടത്തിയും അതിരൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തിയും ട്രംപ് വാർത്തകളിൽ നിറഞ്ഞുനിന്നു.
ഇംപീച്ച്മെന്റ് നടപടിക്ക് വിധേയനാകുന്നതിലേക്ക് വരെ കാര്യങ്ങൾ ചെന്നെത്തി. 2020-ൽ ജോ ബൈഡനോടേറ്റ തോൽവി അക്ഷരാർത്ഥത്തിൽ ട്രംപിനെ ഞെട്ടിച്ചു. തോൽവി അംഗീകരിക്കാത്ത ട്രംപിന്റെ അനുകൂലികൾ ക്യാപിറ്റോളിൽ അഴിഞ്ഞാടി. കലാപാഹ്വാനത്തിന് കേസിനുമേൽ കേസുകൾ.
രണ്ടാമതും വരുമെന്ന് അന്നേ പ്രഖ്യാപിച്ചതാണ് ട്രംപ്. വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ മത്സരിക്കുമെന്ന പ്രഖ്യാപനം. സ്ഥിരം ശൈലിയിൽ ആളിക്കത്തിയുള്ള പ്രചാരണം. അനധികൃത കുടിയേറ്റവും പണപ്പെരുപ്പവും ഊന്നിപ്പറഞ്ഞു. വ്യക്തിഹത്യയും പരിഹാസങ്ങളും മുറപോലെ നടന്നു. പ്രചാരണത്തിനിടെ വെടിയേറ്റതുൾപ്പെടെ നാടകീയ രംഗങ്ങൾ. ആദ്യം മുന്നിലായിരുന്ന ട്രംപിനെ,കമലയുടെ വരവ് വിറപ്പിച്ചു. പിന്നീട് അമേരിക്ക കണ്ടത് ആ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണം. ഒടുവിൽ അമേരിക്കൻ ജനത ഡോണൾഡ് ട്രംപിനെ തന്നെ അധികാര കസേരയേൽപ്പിച്ചു.
Story Highlights : Donald Trump wins election in historic comeback after 2020 loss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here