നേരത്തെ ട്വിറ്റർ ഓഫീസ്, ഇപ്പോൾ വൈറ്റ് ഹൗസ്; സോഷ്യൽ മീഡിയയിൽ മസ്കിന്റെ ‘ലെറ്റ് ദാറ്റ് സിങ്ക് ഇൻ’ വൈറൽ മീം വീണ്ടും
44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ഒരു സിങ്ക് ചുമന്ന് എക്സ് ഓഫീസിലേക്ക് നടന്ന ഇലോൺ മസ്കിന്റെ ചിത്രം ആരും തന്നെ മറക്കാൻ സാധ്യതയില്ല. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പിന്നീട് ഒരു മീമായി വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 47-ാ മത് പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഇതേ ചിത്രത്തിന് വൈറ്റ് ഹൗസിന്റെ പശ്ചാത്തലം നൽകി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മസ്ക് .
Let that sink in pic.twitter.com/XvYFtDrhRm
— Elon Musk (@elonmusk) November 6, 2024
ട്വിറ്റർ താൻ ഏറ്റെടുത്തതിന്റെ സന്തോഷം പ്രകടിപ്പിക്കാനാണ് മസ്ക് ആ പഴയ ചിത്രം അന്ന് പങ്കുവെച്ചിരുന്നത് എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന് ഒരു പുതിയ അർത്ഥമുണ്ട് . വൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിൽ സിങ്ക് ചുമന്നുള്ള ചിത്രം “ലെറ്റ് ദാറ്റ് സിങ്ക് ഇൻ” എന്ന ക്യാപ്ഷനോട് കൂടിയാണ് മസ്ക് വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഇത് ട്രംപ് അധികാരത്തിലെത്തിയതിൽ മസ്ക് എത്രത്തോളം സന്തോഷിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്.
മസ്‌കും ട്രംപും തമ്മിലുള്ള സൗഹൃദം പുതിയതല്ല. 2022-ൽ ട്രംപിൻ്റെ നിരോധിത അക്കൗണ്ട് എക്‌സിൽ പുനഃസ്ഥാപിച്ചപ്പോഴാണ് മസ്‌ക്കും ട്രംപും തമ്മിലുള്ള ബന്ധം വാർത്തകളിൽ ഇടംനേടിയത്. ദീർഘകാലമായി മസ്ക് ട്രംപിനെ പിന്തുണച്ചുവരുന്നു, കൂടാതെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണയ്‌ക്കാനായി അദ്ദേഹം നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. ട്രംപിനുള്ള മസ്‌കിൻ്റെ പിന്തുണ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് അപ്പുറം സാമ്പത്തികവും കൂടിയാണ്. ട്രംപിൻ്റെ രാഷ്ട്രീയ ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി കഴിഞ്ഞ ജൂലൈയിൽ 118 മില്യൺ ഡോളർ മസ്ക് സംഭാവന നൽകിയിട്ടുണ്ട്.
ഇലോൺ മസ്ക് സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയാണ്. അദ്ദേഹം തന്റെ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനൊപ്പം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്. മസ്കിന്റെ ഈ പുതിയ പോസ്റ്റ് അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളുടെ ഒരു പ്രതിഫലനമായി കണക്കാക്കപ്പെടുന്നു.
ഈ പുതിയ പോസ്റ്റ് വൈറലാവുമ്പോൾ ചർച്ചയാകുന്നത് മസ്കിന്റെ രാഷ്ട്രീയ പ്രവേശനമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മസ്കിന് ക്യാബിനറ്റിൽ ഒരു സ്ഥാനം ഉണ്ടാവുമെന്ന് ട്രംപ് അടുത്തിടെ ഒരു പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിൽ ഇലോൺ മസ്ക് യുഎസ് സർക്കാരിൽ ചേർന്നാൽ അത് രാഷ്ട്രീയത്തിലും ബിസിനസ്സിലും ഒരു പുതിയ അധ്യായമായിരിക്കും കുറിക്കുക.
Story Highlights : Elon Musk’s ‘Let That Sink In’ viral meme hits social media again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here