Advertisement

യുഡിഎഫ് നേതൃത്വം കള്ളപ്പണം വെച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചാൽ ആരാണെന്ന് നോക്കിയല്ല കേരള പൊലീസ് വാതിൽ മുട്ടുന്നത്; പി കെ ശ്രീമതി

November 6, 2024
2 minutes Read
pk sreemathy

ഇന്നലെ കോൺഗ്രസ് പ്രവർത്തകർ താമസിച്ച ഹോട്ടലുകളിൽ നടത്തിയ പരിശോധന സ്വാഭാവികമായി നടത്തിയ റെയ്ഡ് ആണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ഹോട്ടലുകളിൽ കള്ളപ്പണം എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയായിരുന്നു അത്. യുഡിഎഫ് പലരീതിക്കുള്ള പ്രസ്താവനകൾ ഇറക്കും അതിലൊന്നും യാതൊരു വസ്തുതയുമില്ല. ഇലക്ഷനിൽ വിജയിക്കാൻ വേണ്ടി ഏത് തന്ത്രവും പയറ്റുന്നത് ആരെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും പികെ ശ്രീമതി പ്രതികരിച്ചു.

സാമർത്ഥ്യം ഉള്ളവർക്ക് സാമർത്ഥ്യം പോലെ ചെയ്യാമല്ലോ. യുഡിഎഫ് നേതൃത്വം കള്ളപ്പണം വച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചാൽ ആരാണെന്ന് നോക്കിയല്ല കേരള പൊലീസ് വാതിൽ മുട്ടുന്നത്. ധർമ്മരാജന്റെ ആരോപണത്തിൽ ഷാഫി പറമ്പിൽ ഇതുവരെ മറുപടി പറയാൻ തയ്യാറായിട്ടില്ലെന്നും പികെ ശ്രീമതി കൂട്ടിച്ചേർത്തു.

അതേസമയം, അർദ്ധ രാത്രി ഹോട്ടലുകളിൽ പൊലീസ് നടത്തിയ റെയ്ഡ് പുതിയ വിവാദങ്ങളിലേക്ക് കടക്കുകയാണ്. വനിതാ നേതാക്കളുടെ മുറിയിൽ വനിതാ പൊലീസില്ലാതെ കടന്നു കയറാൻ ശ്രമിച്ചെന്ന ആരോപണവും ശക്തമാകുകയാണ്. രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം നഗരത്തിലെ കെപിഎം ഹോട്ടലിലെത്തിയത്. ഇൻസ്പെക്ടറുടെ നേതൃത്വത്വത്തിലുള്ള സംഘത്തിൽ ആദ്യം വനിതാ പൊലീസ് ഓഫീസർ ഉണ്ടായിരുന്നില്ല. നേതാക്കളുടെ മുറികൾ പരിശോധിക്കാൻ ആരംഭിച്ച സംഘം, ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടേയുടെയും മുറികളിൽ എത്തി. ഉദ്യോഗസ്ഥരിൽ ചിലർ മഫ്തിയിലായിരുന്നു. ഇതോടെ രണ്ട് മുറികളും പൂട്ടിയ വനിതാ നേതാക്കൾ പുറത്തിറങ്ങിനിന്നു. പിന്നാലെ വനിതാ ഉദ്യോഗസ്ഥരെത്തി രണ്ടു മുറികളും അരിച്ചുപെറുക്കി പരിശോധന.

Read Also: ‘എല്ലാം ഷാഫിയുടെ തന്ത്രം; കള്ളപ്പണം കൊണ്ടുവന്ന വിവരം പോലീസിനെ അറിയിച്ചത് കോൺഗ്രസിൽ നിന്നു തന്നെ’; പി സരിൻ

അതിനിടെ ഹോട്ടലിന് പുറത്ത് സിപിഐഎം-ബിജെപി-കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിന് അകത്തേക്ക്. ഇതോടെ സംഘർഷാവസ്ഥ. എംപിമാരായ വികെ ശ്രീകണ്ഠനും, ഷാഫി പറമ്പിലും ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും അകത്തേക്കു കയറ്റി വിട്ടില്ല.

തുടർന്നു വീണ്ടും സംഘർഷാവസ്ഥ. മറ്റുമുറികളിലും പരിശോധന നടത്തണമെന്ന് എൽഡിഎഫിലെ എഎ റഹീം എംപി ഉൾപ്പെടെയുള്ളവ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ വി വി രാജേഷ്, സി ആർ പ്രഫുൽ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർത്ഥി സി കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു. ഹോട്ടലിൽ താമസിക്കുന്ന സിപിഐഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

എന്നാൽ നടന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്നും ഹോട്ടൽ റൂമുകളിൽ നിന്ന് ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും എസിപി അശ്വതി ജിജി വ്യക്തമാക്കിയിരുന്നു. മൂന്ന് മണിയോടെ പരിശോധന അവസാനിപ്പിക്കുകയാണ് ഉണ്ടായത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി ഹോട്ടൽ മുറിയിൽ ഉണ്ടെന്ന ആരോപണങ്ങൾക്കിടെ താൻ കോഴിക്കോട് ആണ് ഉള്ളതെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിലും എഫ്ബി ലൈവിൽ എത്തിയിരുന്നു. റെയ്ഡിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോൺ​ഗ്രസ് നീക്കം.

Story Highlights : PK Sreemathy reacting palakkad police raid in hotel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top