Advertisement

പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേ,ഞാന്‍ പുറകിലൂടെ ഓടിയെന്നും തെളിയിക്കട്ടേ, പ്രചരണം ഞാന്‍ നിര്‍ത്താം: രാഹുല്‍ മാങ്കൂട്ടത്തില്‍

November 6, 2024
Google News 3 minutes Read
rahul mamkoottathil denied all allegations related to black money

താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലിവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വെല്ലുവിളിച്ചു. പൊലീസിന് ആ പണം കണ്ടെത്തി ആരോപണങ്ങള്‍ തെളിയിക്കാന്‍ വളരെയെളുപ്പമല്ലേ എന്നിട്ടും ഇതുവരെ പണമെവിടെയെന്ന് കണ്ടെത്താത്തത് എന്താണെന്നും രാഹുല്‍ ചോദിച്ചു. പൊലീസും പാര്‍ട്ടി മാധ്യമവും വരെ സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. സംശയാസ്പദമായി ഒരു തെളിവും അവര്‍ക്കാര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. ഇവരെയൊക്കെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയുമെന്നാണെങ്കില്‍ തന്നെ എല്‍ഡിഎഫ് കണ്‍വീനറാക്കിക്കൂടേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. (rahul mamkoottathil denied all allegations related to black money)

കള്ളപ്പണം കൊണ്ടുപോയെന്ന് സിപിഐഎം ആരോപിക്കുന്ന നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങളാണെന്ന് രാഹുല്‍ പറഞ്ഞു. ഒരു ഹോട്ടലില്‍ താമസിക്കാന്‍ പോകുമ്പോള്‍ വസ്ത്രങ്ങളിട്ട ട്രോളി ബാഗുമായല്ലാതെ തക്കാളിപ്പെട്ടിയുമായി പോകാനാകില്ല. ആ പെട്ടിയില്‍ പണമുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഈ സമയമായിട്ടും പൊലീസിന് കഴിയാത്തതെന്തെന്ന് ചോദിച്ചു. ആഭ്യന്തരം ഭരിക്കുന്നത് ആരാണെന്ന് കൂടി നിങ്ങളെല്ലാം ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെനി നൈനാന്‍ ഇപ്പോഴും പാര്‍ട്ടി ഭാരവാഹിയാണ്. അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് ചുമതലകളുമുണ്ട്. അദ്ദേഹത്തെ ഒരു ഷേഡില്‍ നിര്‍ത്തുന്നത് എന്തിനാണെന്നും രാഹുല്‍ ചോദിച്ചു.

Read Also: ‘പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തി, മുഴുവൻ വിവരങ്ങളും ഉടൻ പുറത്തുവരും’; എം.വി ഗോവിന്ദൻ

കോണ്‍ഗ്രസില്‍ ഭിന്നത എന്ന ആരോപണം കഴിഞ്ഞപ്പോഴാണ് സിപിഐഎം പുതിയ ആരോപണവുമായി രംഗത്തെത്തിയതെന്ന് രാഹുല്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന് ഇതില്‍ വ്യക്തമായ പങ്കുണ്ട്. സിപിഐഎമ്മിലെ ഭിന്നത വൈകാതെ മറനീക്കി പുറത്തുവരും. താന്‍ എന്തൊക്കെ ചെയ്‌തെന്ന് നോക്കിക്കൊണ്ടിരിക്കേണ്ടത് സിപിഐഎമ്മിന്റെ വല്ലാത്ത ഗതികേടാണ്. ഇവിടെ ബോര്‍ഡടിക്കാന്‍ പൈസയില്ല, ഇത് ചില്ലിക്കാശില്ലാത്തവന്റെ കോണ്‍ഫിഡന്‍സാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : rahul mamkoottathil denied all allegations related to black money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here