കൊടകര കുഴല്‍പ്പണക്കേസില്‍ 25 സാക്ഷികള്‍ പ്രതികളാകും, തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും
കൊടകര കുഴല്‍പ്പണക്കേസില്‍ 25 സാക്ഷികള്‍ പ്രതികളാകും. 200 സാക്ഷികളാണ് കേസിലുള്ളത്. തുടരന്വേഷണത്തിന് അനുമതി ലഭിച്ചാല്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബിജെപി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് ട്വന്റിഫോറിലൂടെ നടത്തിയ വെളിപ്പെടുത്തലില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ തൃശ്ശൂര്‍ ജില്ലാ കോടതി ഇന്ന് പരിഗണിച്ചേക്കും.
ധര്‍മ്മരാജന്‍ അടക്കം 25 സാക്ഷികളുടെ മൊഴികളില്‍ കള്ളപ്പണം കടത്ത് സംഭവിച്ച വെളിപ്പെടുത്തല്‍ ഉണ്ട്. ഇതില്‍ പലതും കുറ്റസമ്മതത്തിന്റെ സ്വഭാവത്തിലുള്ളതിനാല്‍ ധര്‍മ്മരാജന്‍ അടക്കമുള്ളവരൊക്കെ പ്രതിയാക്കാനാണ് പോലീസിന്റെ തീരുമാനം. പ്രതികളാകേണ്ടവര്‍ സാക്ഷികളാകുന്ന സാഹചര്യം ഈ കേസില്‍ ഉണ്ടായെന്ന് തിരൂര്‍ സതീശന്‍ ട്വന്റിഫോറിനോട് നടത്തിയ വെളിപ്പെടുത്തലില്‍ പറഞ്ഞിരുന്നു. കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുന്ന പശ്ചാത്തലത്തില്‍ തുടരന്വേഷണത്തില്‍ മുന്നോട്ട് പോകാനും അതിന്റെ ഭാഗമായി ചേരുന്ന യോഗത്തില്‍ തന്നെ പ്രതിപട്ടികയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യണം എന്നത് സംബന്ധിച്ച് വിശദമായ നടപടികളിലേക്ക് പൊലീസ് കടക്കുകയും ചെയ്യും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് 6 ചാക്കുകളിലായി ഒന്‍പത് കോടി രൂപ എത്തിച്ചുവെന്നായിരുന്നു ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് 24 നടത്തിയ വെളിപ്പെടുത്തല്‍. പണം എത്തിച്ച ധര്‍മ്മരാജനുമായി ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അതിനുമുന്‍പ് ചര്‍ച്ച നടത്തിയെന്ന സതീഷിന്റെ വെളിപ്പെടുത്തല്‍ തുടരന്വേഷണം വേണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച അപേക്ഷയാണ് ഇന്ന് കോടതി പരിഗണിച്ചേക്കുക. ധര്‍മ്മരാജനില്‍ നിന്ന് നാല് കോടി രൂപ ഷാഫി പറമ്പില്‍ കൈപ്പറ്റിയെന്ന കെ സുരേന്ദ്രന്റെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
Story Highlights : Kodakara black money case the application seeking further investigation will be considered today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here