Advertisement

ടൂറിസം വികസനത്തിന് പാതയൊരുക്കുന്ന സീപ്ലെയിന്‍; സര്‍വീസ് 11ന് കൊച്ചിയില്‍ മന്ത്രി റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും

November 8, 2024
Google News 3 minutes Read
Seaplane service kochi Minister P A Muhammed riyaz

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. (Seaplane service kochi Minister P A Muhammed riyaz)

കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന ‘ഡിഹാവ്ലാന്‍ഡ് കാനഡ’ എന്ന സീപ്ലെയിന്‍ ആണ് 11 ന് ഫ്ളാഗ് ഓഫ് ചെയ്യുന്നത്.ഫ്ളാഗ് ഓഫിനു ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം ജലാശയ പരിസരത്ത് സ്വീകരണം നല്‍കും. നവംബര്‍ 10 ന് ഉച്ചയ്ക്ക് 2 നാണ് ‘ഡിഹാവ്ലാന്‍ഡ് കാനഡ’ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. തുടര്‍ന്ന് വിമാനം ഉച്ചകഴിഞ്ഞ് 3.30 ന് ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ എത്തും. വിമാനത്തിലെ പൈലറ്റുമാര്‍ക്കും ഇതര ജീവനക്കാര്‍ക്കും ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ ടൂറിസം വകുപ്പ് ആതിഥേയത്വമൊരുക്കും.

Read Also: കശ്മീരില്‍ സൈന്യത്തിന്റെ നിര്‍ണായക നീക്കം; ഗ്രനേഡ് ആക്രമണം പാക് ഭീകരരുടെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് കണ്ടെത്തല്‍; ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയെ കണ്ടു

സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് സാധ്യത ഒരുങ്ങുന്നതെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സംസ്ഥാനം നടപ്പാക്കുന്ന അനുഭവവേദ്യ, സുസ്ഥിര, ഉത്തരവാദിത്ത ടൂറിസം, ഡെസ്റ്റിനേഷന്‍ ചലഞ്ച് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഇത് ഊര്‍ജ്ജമേകും. തീരദേശ, മലയോര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിന്‍ സര്‍വീസുകളിലൂടെ സാധിക്കും. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് യാത്രചെയ്യാനും അനുഭവവേദ്യ ടൂറിസത്തിന്റെ ഭാഗമാകാനും സഞ്ചാരികള്‍ക്ക് അവസരമൊരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ് ജെറ്റും ചേര്‍ന്നാണ് ‘ഡിഹാവ്ലാന്‍ഡ് കാനഡ’യുടെ സര്‍വീസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ആന്ധാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പരീക്ഷണ സര്‍വീസിനു ശേഷമാണ് വിമാനം കേരളത്തിലെത്തുന്നത്. സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഇന്ത്യന്‍ നേവി, ‘ഡിഹാവ്ലാന്‍ഡ് കാനഡ’ പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സര്‍വേ, ഹൈഡ്രോഗ്രാഫിക് സര്‍വേ എന്നിവയും പൂര്‍ത്തിയാക്കി.

സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതല്‍ ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കാമെന്ന സാധ്യത വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാകുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. വിദേശ രാജ്യങ്ങളിലടക്കം ഇതിന് പ്രചാരണം നല്‍കാനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീപ്ലെയിന്‍ വരുന്നതോടെ കേരളത്തിലെ പ്രാദേശിക ടൂറിസത്തില്‍ വലിയ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ഉള്‍പ്രദേശങ്ങളിലേയ്ക്ക് വിമാനത്തില്‍ ചെന്നിറങ്ങാനും ജലപാതകളുള്ള വ്യത്യസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുവാന്‍ ഇതുവഴി സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടര്‍ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് സീപ്ലെയിന്‍ പദ്ധതി. യാത്രാസമയത്തിലും ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രയിലും വലിയ മാറ്റം വരുത്താന്‍ ഇതിനാകും. ജലാശയങ്ങളുടെ നാടായ കേരളത്തില്‍ സീപ്ലെയിന്‍ പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാകും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ തുടങ്ങിയവ വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണനയിലുള്ളവയാണ്. റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തില്‍ തന്നെ ലാന്‍ഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്.

Story Highlights : Seaplane service kochi Minister P A Muhammed riyaz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here