പത്തനംതിട്ടയിൽ 5 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ; വിധിയിൽ സന്തോഷമെന്ന് കുട്ടിയുടെ അമ്മ

പോക്സോ കേസിൽ അഞ്ചു വയസുകാരിക്ക് നീതി. കേസിലെ ഏക പ്രതിയും പെൺകുട്ടിയുടെ രണ്ടാനച്ഛനുമായ അലക്സ് പാണ്ഡ്യനു വധശിക്ഷ വിധിച്ചു പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി. 2021 ഏപ്രിൽ 5ന് കുമ്പഴയിലെ വാടകവീട്ടിലായിരുന്നു കൊലപാതകം. തമിഴ്നാട് സ്വദേശിയായ യുവതിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെയാണ് അലക്സ്പാണ്ട്യൻ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നിരുന്നു. 2021 ജൂലൈ 5ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട്ടിൽ വച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ച കാര്യം അന്വേഷണത്തിലൂടെ കണ്ടെത്തി. പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റം തെളിയിക്കാൻ പൊലീസിനു കഴിഞ്ഞില്ല.
ദേഹത്ത് ഒട്ടേറെ മുറിവുകളോടെ കുഞ്ഞിനെ വീട്ടിൽവച്ച് സ്വന്തം അമ്മ തന്നെയാണ് കണ്ടത്. ഇക്കാര്യം ചോദിച്ച യുവതിയെയും അലക്സ് പാണ്ഡ്യൻ മർദ്ദിച്ചു. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം കുട്ടിയുടെ നടന്നത്. പ്രതി കുഞ്ഞിന് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രതി ലഹരിക്കടിമയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് കുറ്റം തെളിയിക്കാൻ സഹായിച്ചത്.
Read Also: സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റിക്സിൽ കന്നികിരീടം ചൂടി മലപ്പുറം
പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് ജയകുമാർ ജോൺ ആണ് ശിക്ഷ വിധിച്ചത്. കൊലപാതകം, പീഡനം, ക്രൂരമായ മർദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ ചുമത്തിയ 16 വകുപ്പുകളിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി കേൾക്കാൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും മുത്തശ്ശിയും കോടതിയിൽ എത്തിയിരുന്നു. വിധിയിൽ സന്തോഷമെന്നു കുഞ്ഞിന്റെ അമ്മ ബിൻഷലാൽ പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമാകും ശിക്ഷ നടപ്പാക്കുക. പ്രതിക്ക് അപ്പീൽ പോകാനും അവസരം ഉണ്ടാകും.
Story Highlights : Pocso case the pathanamthitta court gave death penalty for stepfather
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here