‘ജീവിതത്തില്‍ ആദ്യമായാണ് സസ്പെന്‍ഷന്‍ കിട്ടുന്നത്, വാറോല കൈപ്പറ്റിയിട്ട് കൂടുതല്‍ സംസാരിക്കാം’, എന്‍ പ്രശാന്ത്
ജീവിതത്തില്‍ ആദ്യമായാണ് സസ്പെന്‍ഷന്‍ കിട്ടുന്നതെന്നും ചട്ടലംഘനം നടത്തിയിട്ടില്ലെന്നും പ്രതികരിച്ച് എന്‍ പ്രശാന്ത് ഐഎഎസ്. സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കൈയില്‍ കിട്ടിയിട്ടില്ലെന്നും കിട്ടിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിതത്തില്‍ ആദ്യമായിട്ട് കിട്ടിയ സസ്‌പെന്‍ഷന്‍ ആണ്. ഇത്രയും കാലം സ്‌കൂളിലും കോളേജിലുമൊക്കെ പഠിച്ചിട്ടും അവിടുന്നൊന്നും സസ്‌പെന്‍ഷന്‍ കിട്ടിയിട്ടില്ല – പ്രശാന്ത് പറഞ്ഞു. ഭരണഘടനയുടെ പരമാധികാരത്തിലാണ് താനെപ്പോഴും വിശ്വസിക്കുന്നതെന്നും ശരിയെന്ന് തോന്നുന്നത് പറയുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ബോധപൂര്‍വം ഇതുവരെ ഒരു ചട്ടവും ലംഘിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യമുണ്ട്. ഫ്രീഡം ഓഫ് സ്പീച്ച് എന്ന് പറഞ്ഞാല്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കല്‍ മാത്രമല്ല. അങ്ങനെ ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. പെരുമാറ്റച്ചട്ടം മാത്രമാണ് ഞങ്ങള്‍ക്ക് ബാധകമായിട്ടുള്ളത്. സത്യം പറയാന്‍ അവകാശമുണ്ട്. അതിന് ആരും എന്നെ കോര്‍ണര്‍ ചെയ്യേണ്ട കാര്യമില്ല – അദ്ദേഹം വിശദമാക്കി.
ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലാണ് എന്‍ പ്രശാന്തിനെതിരെ സസ്പെന്‍ഷനുണ്ടായത്. ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മതാടിസ്ഥാനത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് സസ്പെന്‍ഷനിലാകുന്നത് ഇതാദ്യമായാണ്.
Story Highlights : N Prashanth about his suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here