ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്: പോളിങ് ബൂത്തിലെത്തുന്നത് 43 മണ്ഡലങ്ങൾ

ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ആകെയുള്ള 81 മണ്ഡലങ്ങളിൽ 43 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തുക. ആറ് മന്ത്രിമാർ ഉൾപ്പെടെ 683 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും. 1.37 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് ചെയ്യുക. ആദ്യഘട്ട തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 14,394 പോളിംഗ് ബൂത്തുകൾ സജ്ജമാണ്. ഇതിൽ 950 ബൂത്തുകൾ നക്സൽ ബാധിത മേഖലയിലാണ്.
ക്സൽ ബാധിത മേഖലകളിൽ കനത്ത സുരക്ഷ ഒരുക്കി.ജെഎംഎം വിട്ട് ബിജെപിയിൽ എത്തിയ ചംപയ് സോറൻ, വിപി സിംഗ്, മഹുവ മാജി, ജെഎംഎം നേതാവ് മിഥിലേഷ് താക്കൂർ, എന്നീവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. രണ്ടായിരത്തിൽ രൂപീകൃതമായ ഝാർഖണ്ഡിൽ നടക്കുന്ന അഞ്ചാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. 2019 ൽ ഭരണം നഷ്ടപ്പെട്ട ബിജെപി ഇത്തവണ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. ബിജെപി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ സംസ്ഥാനത്തെത്തി.
Read Also: Live Blog | വിധിയെഴുത്ത്; വയനാടും ചേലക്കരയും പോളിംഗ് ബൂത്തിൽ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജനാഥ് സിംഗും സംസ്ഥാനത്തെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വാ ശർമ്മ ഝാർഖണ്ഡിൽ ക്യാമ്പ് ചെയ്താണ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. 81 നിയമസഭാ സീറ്റുകളിലെ 28 ആദിവാസി സംവരണ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ബിജെപിക്ക് രണ്ടിടങ്ങളിൽ മാത്രമാണ് ജയിക്കാനായത്. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം സംസ്ഥാനത്ത് ബിജെപി ചർച്ചയാക്കുന്നത് ഗോത്രവർഗങ്ങളിൽ സ്വാധീനം ചെലുത്താനാണ്.
ജെഎംഎം വിട്ട ചംപൈ സോറനെ ഒപ്പം നിർത്താൻ ആയതും ബിജെപി പ്രതീക്ഷയോടെ കാണുന്നു. ഇന്ത്യ മുന്നണി ആകട്ടെ ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപ്പന സോറനും സദാസമയവും പ്രചാരണ രംഗത്തുണ്ട്. ഝാർഖണ്ഡിൽ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തിയായിരുന്നു ബിജെപിക്ക് മറുപടി നൽകിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പിനായുള്ള അവസാന മണിക്കൂറുകളിൽ തിരക്കിട്ട രാഷ്ട്രീയ ചർച്ചകളിലാണ് ഝാർഖണ്ഡ്.
Story Highlights : Jharkhand Elections 2024: first phase of polling on 43 assembly seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here