സാൻ്റിയാഗോ മാർട്ടിൻ്റെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്‌ഡ്; ചെന്നൈയിൽ മാത്രം പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപ
ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ ചെന്നൈയിലെ കോർപറേറ്റ് ഓഫീസിൽ നിന്നും 8.8 കോടി രൂപ എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ റെയ്ഡിൽ കണ്ടുകെട്ടി. ഇലക്ടറൽ ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയ കക്ഷികൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയ വ്യക്തിയാണ് സാൻ്റിയാഗോ മാർട്ടിൻ. 1300 കോടി രൂപയാണ് ഇദ്ദേഹം സംഭാവനയായി രാഷ്ട്രീയ കക്ഷികൾക്ക് നൽകിയത്. എന്നാൽ ഇദ്ദേഹവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിലാണ് ഇഡി അന്വേഷണം നടത്തിയത്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി സാൻ്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട 20ഓളം കേന്ദ്രങ്ങളിൽ ഇ ഡി പരിശോധന നടത്തിയിരുന്നു. തമിഴ്നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലും ഹരിയാനയിലെ ഫരീദാബാദിലും പഞ്ചാബിലെ ലുധിയാനയിലും വെസ്റ്റ് ബംഗാളിലെ കൊൽക്കത്തിയിലുമായാണ് തെരച്ചിൽനടന്നത്. ഒരേ സമയമായിരുന്നു പരിശോധന.
മാർട്ടിനെതിരെ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതിയിൽ പച്ചക്കൊടി ലഭിച്ചതിന് പിന്നാലെയാണ് ഇ ഡി തെരച്ചിൽ നടത്തിയത്. കേരളത്തിൽ വ്യാജ ലോട്ടറി വിറ്റ് സിക്കിം സർക്കാരിന് 900 കോടി നഷ്ടം വരുത്തിയ കേസിൽ കഴിഞ്ഞ വർഷമാണ് മാർട്ടിൻ്റെ 457 കോടി ഇ ഡി കണ്ടുകെട്ടിയത്. സിക്കിം ലോട്ടറിയുടെ പ്രധാന വിതരണക്കാരായിരുന്നു ഫ്യൂച്വർ ഗെയിമിങ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഇത് കൂടാതെ മാർട്ടിൻ ബിൽഡേർസ്, ഡെയ്‌സൺ ലാൻ്റ് ആൻ്റ് ഡെവലപ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും സാൻ്റിയാഗോ മാർട്ടിൻ്റെ സ്ഥാപനങ്ങളാണ്.
Story Highlights : Lottery king Santiago Martin’s ₹9 crore seized in ED searches in Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here