മുനമ്പം വിഷയം വർഗീയതയിലേക്ക് വഴിമാറുന്നു, സുപ്രഭാതത്തിലെ ലേഖനം മുസ്ലിം സംഘടനകളുടെ നിലപാടല്ല; എം കെ മുനീർ

മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണമെന്ന് ഡോ എം കെ മുനീർ. സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമാണ് ഇപ്പോൾ പല മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഷയത്തിൽ സമാധാനപരമായ രീതിയിലുള്ള പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലിം സംഘടനകൾ മുഴുവൻ. സർക്കാർ ഇടപെട്ട് മുനമ്പം വിഷയം രൂക്ഷമായ ഒരു സാമുദായിക പ്രശ്നമായി മാറാതെ നോക്കേണ്ടതുണ്ട്, അക്കാര്യത്തിൽ സർക്കാർ ഒരു തീരുമാനം എടുക്കണമെന്ന് എം കെ മുനീർ ട്വന്റി ഫോറിനോട് പറഞ്ഞു.
വഖഫ് ബോർഡ് സർക്കാരിന്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ്.കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് ഒരു സംഘടനയും ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. മുനമ്പം വിഷയം ബിജെപി രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. ഇടത് സർക്കാർ എന്തുകൊണ്ടാണ് പരിഹാരം കണ്ടെത്താൻ വൈകുന്നതെന്ന് മനസിലാവുന്നില്ല.എത്രയും വേഗം പരിഹാരം ഉണ്ടാകേണ്ട വിഷയമാണിതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല, എം കെ മുനീർ വ്യക്തമാക്കി.
മുനമ്പത്ത് താമസിക്കുന്നവരെ വേദനിപ്പിക്കണമെന്ന് മുസ്ലിം സംഘടനകൾ ആഗ്രഹിക്കുമോ? അങ്ങിനെയുള്ളൊരു നാടല്ല കേരളം.ക്രൈസ്തവരായാലും മുസ്ലിങ്ങളായാലും സംയമനം പാലിക്കണം, നമ്മൾ എല്ലാവരും ഒന്നാണ്, ന്യായമായ ആലോചനകളാണ് വിഷയത്തിൽ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണം ജില്ലാ കളക്ടര്‍ അന്വേഷിക്കും, ബിഎല്‍ഒമാരില്‍ നിന്ന് വിശദീകരണം തേടി
അതേസമയം,മുനമ്പം ഭൂ പ്രശ്നത്തിൽ പരിഹാരം ഇല്ലാതെ നീണ്ടുപോകുന്നത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത് വന്നു.തീരുമാനം നീണ്ടുപോകുന്നതിൽ വലിയ വില കൊടുക്കേണ്ടി വരും എന്നും പ്രശ്ന പരിഹാരത്തിന് പാണക്കാട് സാദിഖ് അലി തങ്ങൾ ബിഷപ്പുമാരെ കാണുമെന്നും പികെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചു.വഖഫ് ഭൂമി അഡ്ജസ്റ്റ്മെന്റുകൾക്ക് ഉള്ളതല്ല എന്ന തലക്കെട്ടിൽ എസ്‌വൈഎസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയാണ് ലേഖനം എഴുതിയത്. ചില രാഷ്ട്രീയ നേതാക്കൾ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത്. മുസ്ലിം സംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം ആശങ്കയുണ്ടാക്കുന്നത് എന്ന് ലേഖനത്തിൽ പറയുന്നു. മുനമ്പം വിഷയം മുൻ നിർത്തി ഒരു ഭാഗത്ത് വർഗീയ പ്രചാരണം നടക്കുന്നുണ്ടെന്ന് കരുതി വഖഫ് സ്ഥാപനത്തെ ബലി നൽകാൻ ആവില്ലന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. എന്നാൽ ലേഖനത്തെ കാര്യമാക്കേണ്ടെന്ന നിലപാടിലാണ് മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നത്.
എന്നാൽ മുനമ്പം നിവാസികളെ ഒരാളെ പോലും കുടിയിറക്കില്ലെന്നാണ് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കുന്നത്. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലേ നിരാഹാര സമരം മുപ്പത്തിനാലാം ദിവസത്തിലേക്ക് കടന്നു. മുഖ്യമന്ത്രി 22 ന് വിളിച്ച യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകും എന്നാണ് ഭൂസമര സമിതിയുടെ പ്രതീക്ഷ.
Story Highlights : The Munambam topic turns to communalism MK Muneer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here